പാലക്കാട്: കുമരംപുത്തൂർ-ഒലിപ്പുഴയിൽ കാട്ടുപന്നിയിടിച്ച് ബൈക്കുയാത്രക്കാരൻ മരിച്ചു. ചെർപ്പുളശ്ശേരി നെല്ലായ പൊമ്പിലായ പണിക്കർനെച്ചി വീട്ടിൽ സൈനുദ്ദീൻ (47) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ കോട്ടോപ്പാടം സി.എച്ച്. ഓഡിറ്റോറിയത്തിനുസമീപത്ത് വെച്ചാണ് അപകടം ഉണ്ടായത്.
ജോലിക്കായി കോട്ടോപ്പാടത്തേക്ക് ബൈക്കിൽ പോവുകയായിരുന്നു സൈനുദ്ദീൻ. ഈ സമയം റോഡിനുകുറുകെ പാഞ്ഞ കാട്ടുപന്നി ഇയാൾ സഞ്ചരിച്ച ബൈക്കിലിടിച്ചു. ഇതോടെ വാഹനം മറിയുകയായിരുന്നു. ശബ്ദം കേട്ട് സമീപ വാസി പുറത്തിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചതറിഞ്ഞത്. ഗുരുതരപരിക്കേറ്റ് അബോധാവസ്ഥയിലായ സൈനുദ്ദീനെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.