ഒട്ടാവ : ഹർദീപ് സിംഗ് നിജ്ജാറിന് പിന്നാലെ കാനഡയിലെ മറ്റൊരു ഖലിസ്ഥാനി ഭീകരനായ ഗുർമീത് സിംഗും അജ്ഞാതരാൽ കൊല്ലപ്പെട്ടേക്കാമെന്ന മുന്നറിയിപ്പുമായി കനേഡിയൻ പോലീസ് . കാനഡ–യുഎസ് അതിർത്തിയിലെ സറെയിൽ ഗുരുനാനാക് സിഖ് ഗുരുദ്വാര സാഹിബിനു പുറത്ത് ഖലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെട്ട് മാസങ്ങൾക്ക് ശേഷമാണ് പുതിയ മുന്നറിയിപ്പ് .
സറേ ആർസിഎംപിയും ഇന്റഗ്രേറ്റഡ് നാഷണൽ സെക്യൂരിറ്റി എൻഫോഴ്സ്മെന്റ് ടീമും (ഇൻസെറ്റ്) തന്നെ സന്ദർശിക്കുകയും മുന്നറിയിപ്പ് നൽകുകയും ചെയ്തുവെന്ന് ഗുർമീത് സിംഗ് തൂർ പറഞ്ഞു. ഹർദീപ് സിംഗ് നിജ്ജാറിന്റെ അതേ ഗുരുദ്വാരയിൽ പെട്ടയാളാണ് ഗുർമീത് സിംഗും .
ഗുർമീത് സിംഗിന് പോലീസ് നൽകിയ “ഡ്യൂട്ടി ടു വാർൺ” എന്ന രേഖയിൽ “ഒന്നോ അതിലധികമോ അന്വേഷണ വഴികളിലൂടെ നിങ്ങളുടെ ജീവൻ അപകടത്തിലായേക്കാമെന്ന് പോലീസ് കണ്ടെത്തിയിരിക്കുന്നു. ഈ സമയത്ത് ഭീഷണിയുടെ പ്രത്യേക വിശദാംശങ്ങൾ നിങ്ങൾക്ക് നൽകാൻ ഞങ്ങൾക്ക് കഴിയില്ല.“ – എന്നാണ് പറയുന്നത് .
ഖലിസ്ഥാനി ഭീകര സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസ് പുറത്തിറക്കിയ പ്രസ്താവനയിൽ, ഗുരു നാനാക് സിഖ് ഗുരുദ്വാരയിലെ മുതിർന്ന അംഗമാണ് ഗുർമീത് സിംഗെന്നും , ഹർദീപ് സിംഗ് നിജ്ജാറിന്റെ അടുത്ത സഹകാരിയാണെന്നും പറയുന്നു. ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിന് ഗുർമീത് സാക്ഷിയായിരുന്നു. നിജ്ജാറിന്റെ കൊലപാതകികൾ രക്ഷപ്പെട്ട കാർ പിന്തുടരാൻ ഗുർമീതും മറ്റൊരു സാക്ഷിയായ ഭൂപീന്ദർജിത് സിംഗും ശ്രമിച്ചുവെന്ന് മാദ്ധ്യമങ്ങൾക്ക് നൽകിയ മൊഴിയിൽ പറയുന്നു.
മുന്നറിയിപ്പ് ലഭിച്ചതുമുതൽ, ഗുർമീത് തന്റെ സുരക്ഷയെക്കുറിച്ച് ആശങ്കകൾ പ്രകടിപ്പിക്കുകയും തന്റെ സുരക്ഷ ശക്തമാക്കുകയും ചെയ്തതായും റിപ്പോർട്ടുകൾ പറയുന്നു.