ഹാങ്‌ചോ: ഏഷ്യന്‍ ഗെയിംസില്‍ ആറാം ദിനം ഏഴാം സ്വര്‍ണത്തോടെ മെഡല്‍ വേട്ടയ്‌ക്ക് തുടക്കമിട്ട് ഇന്ത്യ. ഷൂട്ടിംഗ് വിഭാഗത്തില്‍ ടീമിനത്തില്‍ സ്വര്‍ണവും വെള്ളിയുമാണ് ഇന്ന് രാവിലെ നേടിയത്. 28 മെഡലോടെ നാലാം സ്ഥാനത്തേക്ക് കുതിക്കാനും ഇന്ത്യക്കായി.
പുരുഷന്മാരുടെ 50 മീറ്റര്‍ റൈഫിള്‍ 3പി ടീമിനത്തില്‍ ലോക റെക്കോഡ് ഭേദിച്ചാണ് താരങ്ങള്‍ സ്വര്‍ണം നേടിയത്. ഐശ്വര്യ പ്രതാപ് സിംഗ് തോമര്‍, സ്വപ്‌നില്‍ കുസാലെ, അഖില്‍ ഷെറോണ്‍ എന്നിവരാടങ്ങിയ ടീമാണ് ചരിത്ര വനേട്ടം സ്വന്തമാക്കിയത്. 1769 പോയിന്റോടെയാണ് യു.എസ്.എയുടെ റെക്കോഡ് മറികടന്നത്. ചൈനയെ ബഹുദൂരം പിന്നാലാക്കിയാണ് സുവര്‍ണ നേട്ടം. കൊറിയക്കാണ് ഈ വിഭാഗത്തില്‍ വെങ്കലം.
വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റല്‍ ടീമിനത്തിലാണ് വെള്ളി മെഡല്‍ നേട്ടം. ഇഷ സിംഗ്, ദിവ്യ സുബ്ബരാജു, പലക് എന്നിവരടങ്ങിയ ടീമാണ് മെഡല്‍ നേടിയത്. 1731 പോയിന്റോടെയാണ് വെള്ളി മെഡല്‍ നേട്ടം. ചൈനയ്‌ക്ക് മുന്നില്‍ 5 പോയിന്റ് വ്യത്യാസത്തിലാണ് സ്വര്‍ണം നഷ്ടമായത്. ഈ വിഭാഗത്തില്‍ ചൈനീസ് തായ്‌പേയ് വെങ്കലവും നേടി.
അതേസമയം പലകും ഇഷയും വ്യക്തിഗത ഇനത്തില്‍ ഫൈനലിനും യോഗ്യരായി. ഗെയിംസില്‍ ഷൂട്ടിംഗില്‍ മാത്രം 15 മെഡല്‍ നേടി പുതിയ ചരിത്രവും കുറിച്ചാണ് ഇന്ത്യയുടെ ജൈത്രയാത്ര. ദോഹ ഗെയിംസിലെ 14 മെഡല്‍ എന്ന റെക്കോഡാണ് മറികടന്നത്.