എകദിന ലോകകപ്പിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായുള്ള സന്നാഹ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. തിരുവനന്തപുരമടക്കമുള്ള മൂന്ന് വേദികളിലാണ് മത്സരം നടക്കുന്നത്. ഹൈദരാബാദില്‍ നിലവിലെ റണ്ണറപ്പുകളായ ന്യൂസിലന്‍ഡ് പാകിസ്താനെ നേരിടും. ഗുവാഹത്തിയില്‍ ശ്രീലങ്ക ബംഗ്ലാദേശിനേയും, തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്ക അഫ്ഗാനിസ്ഥാനേയും നേരിടും. സുരക്ഷ കാരണങ്ങളാല്‍ പാകിസ്താന്‍-ന്യൂസിലന്‍ഡ് മത്സരത്തത്തില്‍ കാണിക പ്രവേശിപ്പിക്കില്ല.
ക്യാപ്റ്റന്‍ തെംബാ ബാവുമ ഇല്ലാതെയാണ് ദക്ഷിണാഫ്രിക്ക ഇറങ്ങുന്നത്. വ്യക്തിപരമായ കാരണങ്ങളാല്‍ നാട്ടിലേക്ക് മടങ്ങിയ ബാവുമ ലോകകപ്പിന് മുമ്പ് മടങ്ങിയെത്തും. തലസ്ഥാനത്ത് നടക്കുന്ന മത്സരത്തിന് മഴ ഭീഷണിയുണ്ട്. ജില്ലയില്‍ രണ്ടു ദിവസമായി വ്യാപക മഴയാണ് ലഭിക്കുന്നത്. അടുത്ത ദിവസങ്ങളിലും മഴയുണ്ടാകുമെന്നാണ് കലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.
നാളെ ഗുവഹാത്തിയില്‍ ലോക ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യയുടെ ആദ്യ സന്നാഹ മത്സരം. പത്ത് സന്നാഹ മത്സരങ്ങളാണ് മൂന്ന് വേദികളിലായി നടക്കുന്നത്. സന്നാഹ മത്സരങ്ങളുടെ ലൈവ് ടെലികാസ്റ്റ് സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ് വര്‍ക്കിലാണ് കാണാനാവുക. മത്സരങ്ങള്‍ രണ്ടു മണിക്കാണ് ആരംഭിക്കുന്നത്. സ്റ്റാര്‍ സ്‌പോര്‍ട്‌സ് 2, എച്ച്.ഡി 2, സ്റ്റാര്‍ സ്‌പോര്‍ട്‌സ് വണ്‍, എച്ച്.ഡി 1 എന്നീ ചാനലുകളില്‍ ലൈവ് കാണാനാകും.