കോഴിക്കോട്: നിപ ബാധിച്ച് ചികിത്സയിലായിരുന്ന ഒമ്പത് വയസുകാരനുൾപ്പെടെ നാല് പേർക്ക് രോഗമുക്തി നേടി. നിപ ബാധിച്ച് മരിച്ചയാളുടെ ഒമ്പത് വയസുള്ള മകനും സഹോദരനുമടക്കമുള്ളവരാണ് രോഗമുക്തി നേടിയത്.
നിപ ബാധിച്ച് ചികിത്സയിലായിരുന്നവരുടെ രണ്ട് പരിശോധന ഫലവും നെഗറ്റീവായെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു. നെഗറ്റീവായവർ ഡിസ്ചാർജായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഒമ്പത് വയസുകാരൻ ആറ് ദിവസമാണ് വെന്റിലേറ്ററിൽ ചികിത്സയിൽ കഴിഞ്ഞിരുന്നത്. കുട്ടിയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചത് വലിയ നേട്ടമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
ലോകത്ത് ആദ്യമായാണ് ഒരു നിപ രോഗി വെന്റിലേറ്ററിൽ ഇത്രയും ദിവസം കിടന്ന് രോഗമുക്തി നേടുന്നത്. നാല് പേരും രോഗമുക്തി നേടിയതോടെ കേരളത്തെ ആശങ്കയിലാക്കിയ നിപ ഭീതി ഒഴിയുകയാണ്. ജില്ലയിൽ നിപ നിയന്ത്രണ വിധേയമായതോടെ കണ്ടെയ്ൻമെന്റ് സോണുകളിലെ നിയന്ത്രണങ്ങളും പിൻവലിച്ചിട്ടുണ്ട്.