ബെംഗളൂരു; കാവേരി നദീജല പ്രശ്‌നത്തിൽ കർണ്ണാടകയിൽ പ്രതിഷേധം ശക്തം. വിഷയം ചർച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അദ്ധ്യക്ഷയിൽ പ്രത്യേക യോഗം ചേർന്നു. സംസ്ഥാനം കനത്ത വരൾച്ച നേരിടുമ്പോൾ തമിഴ്നാടിന് വെള്ളം നൽകാനുള്ള ഉത്തരവിനെതിരെ കന്നഡ സംഘടനകൾ വിവിധ ഇടങ്ങളിൽ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ ബി. ദയാനന്ദയുടെ നേതൃത്വത്തിൽ വൻ പോലീസ് സംഘത്തെ നഗരത്തിൽ വിന്യസിച്ചിട്ടുണ്ട്.
നിയമം കൈയിലെടുക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രി ജി. പരമേശ്വരയും വ്യക്തമാക്കിയിട്ടുണ്ട്. വിവിധ കന്നഡ സംഘടനകളുടെ കൂട്ടായ്മയായ കന്നഡ ഒക്കൂട്ട ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ബെംഗളുരുവിലെ ഓട്ടോ-ടാക്‌സി യൂണിയനുകളും സർക്കാർ, സ്വകാര്യ ബസ് യൂണിയനുകളും ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം വിഷയത്തിൽ പ്രതിഷേധിച്ച് ബെംഗളൂരു വിമാനത്താവളത്തിന് സമീപം മുദ്രാവാക്യം വിളിച്ച ഇരുപതോളം പേരെ കസ്റ്റഡിയിൽ എടുത്തു. വിവിധ ഇടങ്ങളിൽ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചവരെയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ബെംഗളുരുവിലും, കർണ്ണാടക-തമിഴ്നാട് അതിർത്തി മേഖലകളിലും സർക്കാർ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.