ന്യൂഡൽഹി: നാരി ശക്തി വന്ദൻ അധിനിയം ബില്ലിൽ ഒപ്പുവെച്ച് രാഷ്‌ട്രപതി ദ്രൗപദി മുർമു. രാഷ്‌ട്രപതിയുടെ അനുമതി ലഭിച്ചതിന് പിന്നാലെ സർക്കാർ ഗസറ്റ് വിജ്ഞാപനമിറക്കി. ബിൽ നിയമാകുന്നതോടെ ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും മൂന്നിലൊന്ന് സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യപ്പെടും. പുതിയ സെൻസസിനും മണ്ഡല പുനപർ നിർണയത്തിനും ശേഷമാകും രാജ്യത്ത് ഇത് നടപ്പിലാക്കുക.
സെപ്റ്റംബർ 19-ന് പുതിയ പാർലമെന്റിലെ ആദ്യ സമ്മേളനത്തിലായിരുന്നു ചരിത്രപരമായ ബിൽ അവതരിപ്പിച്ചത്. ഇതോടെ 33 ശതമാനം സംവരണം സ്ത്രീകൾക്ക് ലഭിക്കും. 454 എംപിമാരുടെ പിന്തുണയോടെയാണ് ബിൽ ലോക്‌സഭയിൽ പാസാക്കിയത്. രണ്ട് പേർ ബില്ലിനെ എതിർത്തു. എതിരില്ലാതെ 215 വോട്ടുകൾക്കാണ് രാജ്യസഭയിൽ ബില്ലിന് അംഗീകാരം ലഭിച്ചത്.
ലോക്‌സഭയിൽ പരമ്പരാഗത രീതിയിൽ ബാലറ്റ് പേപ്പർ ഉപയോഗിച്ചായിരുന്നു വോട്ടെടുപ്പെങ്കിൽ രാജ്യസഭയിൽ ഇലക്ട്രോണിക് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയായിരുന്നു വോട്ടെടുപ്പ്.