വാഷിംഗ്ടൺ: ഇന്ത്യ-യുഎസ് ബന്ധത്തിന്റെ പരിണാമത്തെ വിശദീകരിച്ച് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ. നേരത്തെ ഇരുരാജ്യങ്ങളും ഇടപഴകിയിരുന്നെങ്കിൽ ഇന്ന് ഇരുരാജ്യങ്ങളും പരസ്പരം പ്രവർത്തിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. അനുയോജ്യരായ പങ്കാളിയാണ് അമേരിക്കയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാഷിംഗ്ടണ്ണിൽ നടന്ന ‘കളേഴ്‌സ് ഓഫ് ഇന്ത്യ’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മറ്റ് പ്രധാനമന്ത്രിമാരുടെ യുഎസ് സ്ന്ദർശനവും നരേന്ദ്രമോദിയുടെ സന്ദർശനവും തമ്മിൽ ഏറെ വ്യത്യാസമുണ്ടെന്നും അമേരിക്കൻ ജനത നൽകുന്ന പരിഗണനയും പ്രതീക്ഷയും ഏറെ പ്രചോദനാത്മകമാണെന്നും വ്യത്യാസം തിരിച്ചറിയാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. 1985-ൽ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്ത് യുഎസ് സന്ദർശനം നടത്തിയ വേളയിൽ താൻ അവിടെയുണ്ടായിരുന്നുവെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു. 2005-ൽ ആണവ കരാറിന്റെ കാലത്ത് അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ സന്ദർശന സമയത്തും താൻ അമേരിക്കയിലുണ്ടായിരുന്നു. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായിരുന്നു നരേന്ദ്രമോദിയുടെ സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത. ഇരുരാജ്യങ്ങളും നയതന്ത്രപരമായ കാര്യങ്ങൾ പ്രാപ്തമാക്കിയതിലെ വ്യത്യാസമാണ് അവിടെ പ്രകടമായതെന്നും വിദേശകാര്യമന്ത്രി വ്യക്തമാക്കി. സർവ മേഖലയിലും പരസ്പരം ബന്ധപ്പെട്ടാണ് ഇരു രാജ്യങ്ങളും പ്രവർത്തിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.
യുഎസിന്റെ പിന്തുണ ഇല്ലായിരുന്നെങ്കിൽ ജി20 ഉച്ചകോടി വിജയമാകില്ലായിരുന്നു. ആതിഥേയൻ എന്ന നിലയിൽ ഇന്ത്യ അധികം കാര്യങ്ങൾ ചെയ്യുമെങ്കിലും ജി20 രാജ്യങ്ങളുടെ പങ്കാളിത്തവും സഹകരണവും ഇല്ലാതെ വിജയത്തിലെത്താനാകില്ല. അതിനായി അമേരിക്ക നൽകിയ പിന്തുണ വളരെ വലുതാണ്. ജി20 വിജയം അമേരിക്കയുടേത് കൂടിയാണ്. ഇന്ത്യയുടെ ചാന്ദ്രദൗത്യം പോലെ ഇന്ത്യ-യുഎസ് ഉഭയകക്ഷി ബന്ധവും പുതിയ ഉയരങ്ങൾ കീഴടക്കുമെന്നും അതിനപ്പുറത്തേക്കും പോകുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ബഹിരാകാശ മേഖലയിൽ നാസയും ഇസ്രോയും കൈകോർക്കുമെന്നും പ്രതീക്ഷകൾക്കപ്പുറവും നേട്ടങ്ങൾ കൈവരിക്കുമെന്നും എസ്.ജയ്ശങ്കർ പറഞ്ഞു. ചന്ദ്രനോളം എത്തി, ഇനി ചന്ദ്രനപ്പുറമാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ പരിവർത്തനം ലോകത്തെ തന്നെ ഞെട്ടിച്ചു. ചന്ദ്രയാന്റെ ഇന്ത്യയാണ് പുതിയ ഇന്ത്യ. 5ജിയുടെയും കോവിന്റെയും ഇന്ത്യയാണ് പുതിയ ഇന്ത്യ. ഭാരതത്തിന്റെ ശേഷി ലോകം തിരിച്ചറിഞ്ഞു.ഈ ഇന്ത്യയെ തന്നെയാണ് അമേരിക്കയും കാണുന്നത്. ഈ ഇന്ത്യയിലാണ് അമേരിക്ക വളരാൻ ആഗ്രഹിക്കുന്നത്-അദ്ദേഹം പറഞ്ഞു.