തിരുവനന്തപുരം: വിചാരണ കേരളത്തിൽ നിന്ന് മാറ്റണമെന്ന ആവശ്യവുമായി പാറശാല ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മ സുപ്രീം കോടതിയെ സമീപിച്ചു. ഗ്രീഷ്മയ്‌ക്കൊപ്പം കൂട്ടു പ്രതികളും ആവശ്യമായി സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. വിചാരണ നഗർ കോവിലിലേക്ക് മാറ്റണമെന്നാണ് ആവശ്യം. നാഗര്‍ കോവിലിലെ സെക്ഷന്‍സ് കോടതിയിലേക്ക് മാറ്റണമെന്നാണ് പ്രതികളുടെ ആവശ്യം.
സംഭവം തമിഴ്‌നാട്ടിലായതിനാല്‍ വിചാരണയും ഇവിടേക്ക് മാറ്റണമെന്ന് ഹർജിയിൽ പ്രതികൾ ആവശ്യപ്പെട്ടത്. അഭിഭാഷകന്‍ ശ്രീറാം പാറക്കാട്ടാണ് പ്രതികള്‍ക്കായി ഹര്‍ജി സമര്‍പ്പിച്ചത്.ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ച പ്രതി ഗ്രീഷ്മ ചൊവ്വാഴ്ച ജയില്‍ മോചിതയായിരുന്നു.കേസിലെ മറ്റുപ്രതികളായ ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മല്‍കുമാര്‍ എന്നിവര്‍ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.
കാമുകനായിരുന്ന പാറശാല, സമുദായപ്പറ്റ്, ജെ.പി. ഭവനില്‍ ജയരാജിന്റെ മകന്‍ ഷാരോണിനെ കഷായത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതിയാണ് തമിഴ്നാട്ടിലെ ദേവിയോട്, രാമവര്‍മന്‍ചിറ, പൂമ്പള്ളിക്കോണം, ശ്രീനിലയത്തില്‍ ഗ്രീഷ്മ. ഷാരോണിനെ ഒഴിവാക്കാനായാണ് ഗ്രീഷ്മയും ബന്ധുക്കളും ചേര്‍ന്ന് കൃത്യം ആസൂത്രണം ചെയ്തത്.2022 ഒക്ടോബറിലായിരുന്നു സംഭവം. വീട്ടിലേക്ക് വിളിച്ചുവരുത്തിയ ഷാരോണിനെ വിഷംകലര്‍ത്തിയ കഷായം കുടിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് അവശനിലയിലായ ഷാരോണ്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഒക്ടോബര്‍ 25-നാണ് മരിച്ചത്.