തൃശൂർ: മലയാള ചലച്ചിത്ര ഗാനരചയിതാവും പ്രശസ്ത നാടൻപാട്ടു കലാകാരനുമായ അറുമുഖൻ വെങ്കിടങ്ങ് എന്നറിയപ്പെടുന്ന എൻ.എസ്. അറുമുഖൻ അന്തരിച്ചു. ‘നാടൻ പാട്ടുകളുടെ മുടിചൂടാമന്നൻ’ എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. തൃശൂരിലെ സ്വകാര്യആശുപത്രിയിലായിരുന്നു അന്ത്യം. 65 വയസായിരുന്നു.
കലാഭമണി പാടിയ ചാലക്കുടി ചന്തയ്‌ക്കു പോകുമ്പോൾ, മിന്നാമിനുങ്ങേ, പകലുമുഴുവൻ പണിയെടുത്ത് തുടങ്ങിയ നാടൻ പാട്ടുകൾ അറുമുഖന്റെ സൃഷ്ടികളാണ്. 200-ഓളം പാട്ടുകൾ കലാഭവൻമണിക്കായി അദ്ദേഹം രചിച്ചിട്ടുണ്ടായിരുന്നു. തൃശൂർ വെങ്കിടങ്ങ് സ്വദേശിയാണ് എൻ.എസ് അറുമുഖൻ.
മീശമാധവനിലെ ‘ എലവത്തൂർ കായലിന്റെ ‘ എന്നു തുടങ്ങുന്ന ആമുഖ ഗാനം അറുമുഖന്റെ സൃഷ്ടിയിൽ നിന്നും ഉദിച്ചതാണ്. ഇതിനുപുറമെ ഉടയോൻ, മീനാക്ഷി കല്യാണം, ചന്ദ്രോത്സവം തുടങ്ങി ഒട്ടനവധി ചിത്രങ്ങളിലെ ഗാനങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. ഇന്ന് ഉച്ചക്ക് 3 മണിക്ക് മുല്ലശ്ശേരി പൊതുശ്മശാനത്തിൽ സംസ്‌കാരം.
ഭാര്യ: അമ്മിണി. മക്കൾ: സിനി, സിജു, ഷൈനി, ഷൈൻ, ഷിനോയ്, കണ്ണൻ പാലാഴി. മരുമക്കൾ: വിജയൻ ,ഷിമ, ഷാജി, അമ്പിളി, സതി, രമ്യ.