മകൻ അനന്ത് അംബാനിയുടെ വിവാഹ തീയതി പ്രഖ്യാപിച്ച് മുകേഷ് അംബാനി. മുകേഷ് അംബാനിയുടെ ഫാൻ പേജുകളിലാണ് വിവാഹ ആഘോഷങ്ങളെ പറ്റിയുള്ള പുതിയ വാർത്തകൾ എത്തിയിരിക്കുന്നത്. 2024 ജൂലൈ 10, 11, 12 തീയതികളിൽ ആയിരിക്കും അനന്ത് അംബാനി- രാധിക മർച്ചന്റ് വിവാഹ മാമാങ്കം എന്നാണ് റിപ്പോർട്ട്.
മുകേഷ് അംബാനിയുടെയും നിത അംബാനിയുടെ മകൻ അനന്ത് അംബാനിയുടെ വിവാഹവുമായി ബന്ധപ്പെട്ട് നിരവധി വാർത്തകൾ എത്തിയിരുന്നു. മാത്രമല്ല ഗണേശ ചതുർത്ഥി ആഘോഷങ്ങളിൽ വരെ രാധിക മർച്ചന്റ് അംബാനി കുടുംബത്തോടൊപ്പം ഉണ്ടായിരുന്നു. ഏറെ നാളുകളായി ഇവരുടെ വിവാഹ തീയതിയെ കുറിച്ചുള്ള അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. അതിനെല്ലാമുള്ള വിരാമമായെന്നാണ് അംബാനി ആരാധകർ വ്യക്തമാക്കുന്നത്.
ഈ വർഷം ജനുവരിയിലായിരുന്നു അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹനിശ്ചയം നടന്നത്. പത്ത് മാസങ്ങൾക്ക് മുൻപ് നടന്ന വിവാഹ നിശ്ചയ ചടങ്ങിൽ സിനിമാ-കായിക രംഗത്തെ പ്രമുഖർ ഉൾപ്പെടെയുള്ളവർ പങ്കെടുത്തിരുന്നു. മുകേഷ് അംബാനിയുടെ മുംബൈയിലെ വസതിയിൽ സംഘടിപ്പിച്ച ചടങ്ങിൽ ഐശ്വര്യ റായ് ബച്ചൻ, മകൾ ആരാധ്യ, കരൺ ജോഹർ, കത്രീന കൈഫ് , ഷാരൂഖ് ഖാൻ, ഭാര്യ ഗൗരി ഖാൻ, മകൻ ആര്യൻ, സൽമാൻ ഖാൻ, രൺവീർ സിംഗ്, ദീപിക പദുക്കോൺ, എന്നിവർ പങ്കെടുത്തിരുന്നു.