ജോലിയുടെ ഭാഗമായി ദീർഘനേരം ഒരേ ഇരുപ്പ് ഇരിക്കുന്നവരാകും നമ്മളിൽ പലരും. ഇടയ്‌ക്കിടെ ഇടവേളകൾ എടുക്കണമെന്ന ധാരണയുണ്ടെങ്കിലും പലരും ജോലി തിരക്കിനിടയിൽ ഇത് മറക്കും. എന്നാൽ ഇത് ശരീരത്തെ പ്രതികൂലമായി ബാധിക്കുന്നു എന്ന പഠനമാണ് പുറത്തു വന്നിരിക്കുന്നത്. ദീർഘനേരം ഇരിക്കുന്നത് പുകവലിക്ക് സമാനമായ അസുഖങ്ങൾ വരുത്തുമെന്ന് പഠനങ്ങൾ നിലവിലുണ്ട്. അത്തരത്തിൽ ഒരു പഠനമാണ് ഇപ്പോൾ ശ്രദ്ധേയം.
ലണ്ടനിലെ വെസ്റ്റേൺ സ്‌കൂൾ ഓഫ് കിൻസിയോളജിയിലെ ഗവേഷകരാണ് സമാന രീതിയിലുള്ള പഠനവുമായി രംഗത്തെത്തിയിരിക്കുന്നത്. ജോലിസ്ഥലത്ത് ഏറെ നേരം ഇരിപ്പു തുടർന്നാൽ ടൈപ്പ് 2 ഡയബറ്റിസ്, കാൻസർ എന്നിങ്ങനെയുള്ള സാദ്ധ്യതകൾ വർദ്ധിപ്പിക്കുന്നവെന്നാണ് കണ്ടെത്തൽ. ഇരിക്കുന്ന സമയത്തിന് പുറമേ ഒരു ദിവസം മുഴുവൻ ഇരിക്കുന്ന രീതിയാണ് പ്രധാനം. ഓഫീസ് ജോലിക്കാരിലാണ് കൂടുതൽ അപകട സാദ്ധ്യതയുള്ളത്.
ഇടവേളകൾ എടുക്കാതെ കൂടുതൽ സമയം ഇരിക്കുന്നവരിൽ ഡയബറ്റിസിനും കാൻസറിനും ഒപ്പം രക്തസമ്മർദം, ഹൃദ്രോഗം എന്നിവയ്‌ക്കുള്ള സാദ്ധ്യതയും കൂടുതലാണെന്ന് ഗവേഷകർ വ്യക്തമാക്കി. തുടർച്ചയായി ഇരിക്കുന്നതിനൊപ്പം കലോറി കൂടിയ ഭക്ഷണം ശരീരഭാരം വർദ്ധിക്കുന്നതിനും കാരണമാകുന്നു. ഇത് കൊളസ്ട്രോൾ വർദ്ധിക്കുന്നതിനും ഉള്ള സാദ്ധ്യത വളരെ കൂടുതലാണ്.