ഷിംല: ഹിമാചൽ പ്രദേശ് സർക്കാരിന്റെ പ്രളയ ദുരിതാശ്വാസ നിധി വെബ്‌സൈറ്റ് പ്രവർത്തനരഹിതമായതിനെതിരെ രൂക്ഷ വിമർശനവുമായി നടി കങ്കണ റണാവത്ത്. പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ 60 തവണയെങ്കിലും ശ്രമിച്ചെന്നും എന്നാൽ വെബ്‌സൈറ്റ് പ്രവർത്തന രഹിതമാണെന്നും നടി പറയുന്നു. സംഭാവന നൽകിയതിന്റെയും പ്രവർത്തിക്കാത്ത ദുരിതാശ്വാസ നിധി വെബ്‌സൈറ്റിന്റെയും സ്ക്രീൻഷോട്ടുകൾ സഹിതം സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവെച്ചുകൊണ്ടാണ് താരം വിമർശിച്ചത്.
കങ്കണ റണാവത്തിന്റെ എക്സിൽ പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ… “ഹിമാചൽ പ്രദേശിലെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ ശ്രമിച്ചിരുന്നു. പക്ഷേ സർക്കാരിന് ‘ആപദ രാഹത് കോഷ്'(ദുരിതാശ്വാസ നിധി വെബ്‌സൈറ്റ്) എന്ന വെബ്‌സൈറ്റ് പോലും ശരിയായി പ്രവർത്തിപ്പിക്കാൻ കഴിയുന്നില്ല, എന്തൊരു നാണകേടാണ്…. ഒരു ദിവസം മുഴുവനിരുന്ന് 50-60 തവണ ശ്രമിച്ചതിന് ശേഷം കുറച്ച് തുക മാത്രമാണ് സംഭാവന ചെയ്യാൻ കഴിഞ്ഞത്.”- കങ്കണ ട്വിറ്റ് ചെയ്തു.
Trying to donate for Himachal floods disaster but the government there can’t even run a aapada rahat kosh properly, such a shame, after trying whole day more than 50-60 times could only donate some amount #himachalfloods pic.twitter.com/JtcdNJhF04
— Kangana Ranaut (@KanganaTeam) October 5, 2023
ഹിമാചൽ പ്രദേശിലെ മണാലി സ്വദേശിനിയാണ് കങ്കണ റണാവത്ത്.സംസ്ഥാനത്ത് പെയ്ത കനത്ത മഴ മിന്നൽ പ്രളയമായി മാറുകയായിരുന്നു. പ്രളയത്തെ തുടർന്ന് സംസ്ഥാനമാകെ 10000 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായി 426-ലധികം ആളുകൾ മരിക്കുകയും ചെയ്തതായാണ് റിപ്പോർട്ട്.
കഴിഞ്ഞ ഓഗസ്റ്റിലാണ് പ്രളയമുണ്ടായത്. തുടർന്ന് സംസ്ഥാനത്തെ ജനങ്ങൾ കനത്ത മഴയെയും പ്രളയത്തെയും നേരിട്ടതിനെ കുറിച്ചും ഹിമാചൽ പ്രദേശിനെക്കുറിച്ചും കങ്കണ സംസാരിച്ചിരുന്നു. ” കനത്ത മഴയ്‌ക്കും വെള്ളപ്പൊക്കത്തിനും അവസാനമില്ല. ഹിമാചൽ പ്രദേശിൽ ദിവസങ്ങളായി തുടരുന്ന കനത്തമഴ ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. ദിവസങ്ങളായി വൈദ്യുതിയോ വെള്ളമോ ഇല്ല, മൊത്തം സംവിധാനവും തകർന്നു. എല്ലായിടത്തും മലകൾ ഇടിഞ്ഞുവീഴുന്നു, മലയോരത്തെ ആളുകൾക്കൊപ്പമാണ് എന്റെ ഹൃദയം. അവരുടെ ക്ഷേമത്തിനായി നിരന്തരം പ്രാർത്ഥിക്കുന്നു” എന്നാണ് അന്ന് കങ്കണ കുറിച്ചത്.















