തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിനു സാധ്യതയെന്ന് കെഎസ്ഇബി അറിയിപ്പ്. വൈകുന്നേരം 6: 30 മുതൽ രാത്രി 11 മണിവരെ ചുരുങ്ങിയ സമയത്തേക്കാണ് വൈദ്യുതി നിയന്ത്രണമുണ്ടാകുക. ഇടുക്കി, കൂടംകുളം നിലയങ്ങളിലെ സാങ്കേതിക തകരാർ കാരണമെന്നാണ് വിശദീകരണം. 11 മണി വരെ വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കാനും കെഎസ്ഇബി അറിയിപ്പിൽ പറയുന്നു.
വൈദ്യുത നിലയങ്ങളിൽ വന്ന തകരാറുകൾ കണക്കിലെടുത്ത് സംസ്ഥാനത്ത് ഇന്ന് (6-10-2023) വൈകുന്നേരം 6:30 മുതൽ രാത്രി 11 മണി വരെ വൈദ്യുതി ഉപയോഗം കുറയ്ക്കാൻ മാന്യ ഉപഭോക്താക്കളോട് അഭ്യർത്ഥിക്കുന്നു. വൈദ്യുതി ലഭ്യതയിൽ പെട്ടന്നുണ്ടായിട്ടുള്ള കുറവ് കണക്കിലെടുത്ത് ചുരുങ്ങിയ സമയത്തേക്ക് വൈദ്യുതി വിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നേക്കാമെന്നും, ഉപഭോക്താക്കൾ സഹകരിക്കണമെന്നും കെഎസ്ഇബിയുടെ അറിയിപ്പിൽ പറയുന്നു.