വാട്സ്ആപ്പിൽ ചാറ്റിന്റെ പ്രാധാന്യം അനുസരിച്ച് ഹോം സ്ക്രീനിൽ പിൻ ചെയ്ത് വയ്ക്കുന്നതിനുള്ള ഓപ്ഷൻ നിലവിലുണ്ട്. വാട്സ്ആപ്പ് തുറന്ന് ഇഷ്ടമുള്ള ചാറ്റിൽ പ്രസ് ചെയ്ത് പിടിക്കുമ്പോൾ തന്നെ പിൻ ചെയ്യുന്നതിനുള്ള ഓപ്ഷൻ മുകളിലായി കാണാൻ സാധിക്കും. ഇത്തരത്തിൽ മൂന്ന് ചാറ്റുകൾ വരെ പിൻ ചെയ്ത് വെക്കാൻ സാധിക്കും. എന്നാൽ ഇപ്പോഴിതാ ചാറ്റുകളിലെ പ്രത്യേക സന്ദേശങ്ങൾ പിൻ ചെയ്യുന്നതിനുള്ള ഓപ്ഷനാണ് വരാനിരിക്കുന്നത്.
വാട്ട്സ്ആപ്പിന്റെ 2.23.21.4 ബീറ്റാ വേർഷനിലാണ് പിൻ മെസ്സേജ് ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. ഉപയോക്താക്കൾ ചാറ്റ് ചെയ്യുമ്പോൾ സംഭാഷണത്തിൽ ഉൾപ്പെടുന്ന സന്ദേശത്തിന്റെ ഒരു ഭാഗം ഹൈലൈറ്റ് ചെയ്യാനും പിന്നാലെ നടന്നുകൊണ്ടിരിക്കുന്ന ചാറ്റിന്റെ മുകളിലേക്ക് പിൻ ചെയ്ത് വെക്കാനും സാധിക്കും. ഇത് പിൻ ചെയ്ത് വെക്കുന്നതോടെ ചാറ്റ് ഹെഡ് തുറക്കുമ്പോൾ തന്നെ സന്ദേശം മുകളിലായി ദൃശ്യമാകും.
പിൻ ചെയ്ത് വെക്കേണ്ട സന്ദേശം പ്രസ് ചെയ്ത് പിടിക്കുകയാണെങ്കിൽ കോൺടക്സ്റ്റ് മെനുവിന് വേണ്ടിയുള്ള ഓപ്ഷൻ ലഭിക്കും. ഇവിടെ പിൻ ഓപ്ഷൻ കാണാൻ സാധിക്കും. പിൻ ചെയ്യുന്നതിനുള്ള സമയപരിധിയും ഇതിൽ കാണാം. 24 മണിക്കൂർ, ഏഴ് ദിവസം, 30 ദിവസം എന്നിങ്ങനെയുള്ള ഓപ്ഷനിൽ നിന്നും ഒന്ന് തിരഞ്ഞെടുക്കാം. കാലാവധി കഴിഞ്ഞ് അൺപിൻ ആയ സന്ദേശം വീണ്ടും പിൻ ചെയ്യാനാകും.