കാർഡിയോ വ്യായാമങ്ങളിൽ ഫലപ്രദമായ രണ്ടെണ്ണമാണ് ഓട്ടവും നടത്തവും. ഏതാണ് മികച്ചതെന്ന് കണ്ടെത്താൻ നിങ്ങൾ ശ്രമിക്കുകയാണെങ്കിൽ, രണ്ടും വ്യത്യസ്തമായ ആരോഗ്യ ഗുണങ്ങൾ ഉള്ളവയാണ്. ഒന്ന് മിതമായിട്ടുള്ള വ്യായാമം ആണെങ്കിൽ മറ്റൊന്ന തീവ്രമായ വ്യായാമ രീതി ആണ്. അതിനാൽ രണ്ടിന്റെയും വ്യത്യാസങ്ങൾ നോക്കിയതിന് ശേഷം നിങ്ങളുടെ ഇഷ്ടത്തിന് ഒരു വ്യായാമം തിരഞ്ഞെടുക്കുന്നതാണ് നല്ലത്.
ശരീര ഭാരം കുറയ്‌ക്കുന്നതിനായാണ് നിങ്ങൾ വ്യായാമം ചെയ്യുന്നതെങ്കിൽ ഏറ്റവും നല്ലത് ഓട്ടമാണ്. കാരണം 72 കിലോ ഭാരം വരുന്ന ഒരാൾക്ക് മണിക്കൂറിൽ 5 മൈൽ (8 കിലോമീറ്റർ) ഓടുന്നതിലൂടെ 600 കലോറി ഇല്ലാതാക്കാൻ സാധിക്കും. കുറച്ച് ദിവസം നടന്ന് വ്യായാമം ശീലമാക്കിയതിന് ശേഷം ഓടുന്നതാണ് ശരീരത്തിന് നല്ലത്.
ശരീരം ആരോഗ്യത്തോടെ നിൽക്കുന്നതിന് വേണ്ടി മാത്രമാണെങ്കിൽ നടക്കുന്നതാണ് നല്ലത്. ദിവസവും 30 മിനിറ്റ് നേരം നടക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. 54 കിലോഗ്രാം ഭാരമുള്ള ഒരാൾ മണിക്കൂറിൽ 2 മൈൽ വേഗതയിൽ നടക്കുന്നത് 133 കലോറി ഇല്ലാതാക്കാൻ കഴിയും. നിങ്ങൾ അടുത്തിടെ മാത്രം വ്യായാമം ചെയ്യാൻ തുടങ്ങിയ ആളാണെങ്കിൽ നടക്കുന്നതാണ് നല്ലത്.
50 വയസ്സിനു മുകളിലുള്ളവരും ഹൃദയസംബന്ധമായ പ്രശ്‌നങ്ങളോ സന്ധി, പേശി സംബന്ധമായ വേദനയോ അനുഭവപ്പെടുകയാണെങ്കിൽ നടത്തമാണ് നിങ്ങൾക്ക് നല്ലത്. നിങ്ങളുടെ ശരീരത്തിൽ വളരെയധികം സമ്മർദ്ദം ചെലുത്തിയേക്കാവുന്ന ഒരു തീവ്ര വ്യായാമ പ്രവർത്തനമാണ് ഓട്ടം.















