ന്യൂഡൽഹി: ഹമാസ് അനുകൂല പ്രമേയം പുറത്തിറക്കിയ കോൺഗ്രസിനെ വിമർശിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. പാക്കിസ്താന്റെയും താലിബാന്റെയും പ്രമേയത്തിന് സമാനമായ പ്രമേയമാണ് കോൺഗ്രസ് ഹമാസ് വിഷയത്തിൽ പുറത്തിറക്കിയതെന്നും ഇസ്രയേലിനെതിരായ ഹമാസ് ഭീകരാക്രമണത്തിൽ അപലപിക്കുന്നതിലും കോൺഗ്രസ് പരാജയപ്പെട്ടെന്നും അദ്ദേഹം വിമർശിച്ചു. സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിലാണ് അദ്ദേഹം ഇത് പറഞ്ഞത്.
പാലസ്തീൻ അവകാശങ്ങളെ പിന്തുണയ്ക്കുന്ന കോൺഗ്രസിന്റെ പ്രമേയത്തിന് പാകിസ്താന്റെയും താലിബാന്റെയും പ്രസ്താവനകളുമായി സാമ്യമുണ്ടെന്നും പ്രീണന രാഷ്ട്രീയത്തിന് വേണ്ടി രാജ്യതാത്പര്യം ബലികഴിക്കുന്നത് കോൺഗ്രസിന്റെ രക്തത്തിൽ അലിഞ്ഞു ചേർന്നതാണെന്നും ശർമ്മ ആരോപിച്ചു.
പാലസ്തീൻ അനുകൂല പ്രമേയം പാസാക്കിയതിന് പിന്നാലെ രാജ്യമെമ്പാടും കോൺഗ്രസിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. പാലസ്തീൻ ജനതയുടെ ഭൂമി, സ്വയംഭരണാവകാശം എന്നിവയ്ക്ക് കോൺഗ്രസ് ദീർഘകാലമായി പിന്തുണ നൽകുന്നുണ്ടെന്നും ഇസ്രായേൽ അടിയന്തരമായി വെടിനിർത്തണമെന്നും കോൺഗ്രസ് പ്രവർത്തക സമിതി പാസാക്കിയ പ്രമേയത്തിൽ പറയുന്നുണ്ട്.