ന്യൂഡൽഹി: രാജ്യത്തുടനീളമുളള വിദ്യാർത്ഥികളിൽ നിന്നും വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക പാരിസ്ഥിതിക വിഷയങ്ങളിൽ നിർദ്ദേശങ്ങൾ ക്ഷണിച്ച് എബിവിപി. ഡൽഹിയിൽ നടക്കാനിരിക്കുന്ന ദേശീയ സമ്മേളനത്തിൽ വിദ്യാർത്ഥികളിൽ നിന്ന് ലഭിക്കുന്ന നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ പ്രമേയങ്ങൾ പാസാക്കാനാണ് എബിവിപി തീരുമാനം എടുത്തിരിക്കുന്നത്.
വിദ്യാർത്ഥികൾക്ക് അവരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും എബിവിപിയുടെ ഫേസ്ബുക്ക്, എക്സ്, ഇൻസ്റ്റാഗ്രാം ഹാൻഡിലുകളിൽ ലഭ്യമായ
ഗൂഗിൾ ഫോം മുഖേന കൈമാറാവുന്നതാണ്. കൂടാതെ എബിവിപി ദേശീയ ജനറൽ സെക്രട്ടറി ശ്രീ യജ്ഞവൽക്യ ശുക്ലയുടെ ഇമെയിൽ ഐഡി [email protected] വഴിയും പങ്കുവെയ്ക്കാവുന്നതാണ്.
2023 നവംബർ 30 മുതൽ ഡിസംബർ 3 വരെ ഡൽഹിയിൽ നടക്കാനിരിക്കുന്ന എബിവിപി ദേശീയ സമ്മേളനത്തിൽ മേൽപ്പറഞ്ഞ നിർദ്ദേശങ്ങൾ ഉന്നയിച്ച് സമഗ്രമായ ചർച്ചകൾ നടത്തിയാണ് പ്രമേയങ്ങൾ പാസാക്കുന്നത്. എബിവിപി ദേശീയ സമ്മേളനങ്ങളിലും ദേശീയ നിർവാഹക സമിതി യോഗങ്ങളിലും വിദ്യാഭ്യാസം, പരിസ്ഥിതി മുതലായ വിഷയങ്ങളിൽ പ്രമേയങ്ങൾ വിഭാവനം ചെയ്യാറുണ്ട്. രാജ്യത്തുടനീളമുളള എബിവിപി യൂണിറ്റുകളുടെ പ്രവർത്തനങ്ങൾ ഈ പ്രമേയങ്ങളെ അടിസ്ഥാനമാക്കിയാണ് നടക്കുന്നത്.
രാഷ്ട്രപുരോഗതിക്കും സമൂഹത്തിന്റെ കാതലായ മാറ്റത്തിനും എബിവിപിയുടെ സംഘടിതവും ദീർഘവീക്ഷണപരവുമായ ഇത്തരം പ്രവർത്തനങ്ങൾ സുപ്രധാന പങ്ക് വഹിക്കുന്നു. രാജ്യത്തെ പ്രതിഭാശാലിയായ വിദ്യാർത്ഥികളോട് സാമൂഹിക, പാരിസ്ഥിതിക, വിദ്യാഭ്യാസ വിഷയങ്ങളിൽ അവരുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ എബിവിപി ദേശീയ ജനറൽ സെക്രട്ടറി ശ്രീ യജ്ഞവൽക്യ ശുക്ല ആഹ്വാനം ചെയ്തു. വിദ്യാർത്ഥികളും യുവാക്കളും ഈ സുപ്രധാന വിഷയങ്ങളിൽ ശ്രദ്ധ ചെലുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും രാജ്യത്തിന്റെ നയ രൂപീകരണത്തിൽ വഹിക്കേണ്ട ഒഴിച്ചുകൂടാനാവാത്ത പങ്കിനെക്കുറിച്ചും അദ്ദേഹം പറഞ്ഞു. അമൃത് മഹോത്സവ സമ്മേളനത്തിൽ രാജ്യത്തുടനീളമുള്ള വിദ്യാർത്ഥികളിൽ നിന്ന് ലഭിച്ച നിർദ്ദേശങ്ങളെക്കുറിച്ച് സമഗ്രമായ ചർച്ച നടത്തിയ ശേഷം എബിവിപി അതിന്റെ ഭാവി പദ്ധതികൾക്ക് അന്തിമരൂപം നൽകും എന്നും അദ്ദേഹം ഉറപ്പു നൽകി.