ന്യൂഡൽഹി: വിമാനങ്ങളുടെ എണ്ണം ഉയർത്താൻ ഒരുങ്ങി എയർ ഇന്ത്യ. അടുത്ത വർഷത്തോടെ വിമാനങ്ങളുടെ എണ്ണം ഉയർത്താനും സർവീസുകൾ കൂടുതൽ കാര്യക്ഷമമാക്കാനുമാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. 470 പുതിയ വിമാനങ്ങളാണ് കമ്പനി ഇതിനായി എത്തിക്കുന്നത്. വിമാന നിർമാതാക്കളായ ബോയിംഗ്, എയർബസ് എന്നിവരുമായി കമ്പനി കരാർ ഒപ്പിട്ടിട്ടുണ്ട്.
കഴിഞ്ഞ വർഷം ജനുവരിയിൽ എയർ ഇന്ത്യയെ ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു. അതിന് ശേഷം സമഗ്രമായ പരിഷ്‌കരണ പദ്ധതികളാണ് കമ്പനി നടപ്പാക്കുന്നത്. ഏകദേശം 5.8 ലക്ഷം കോടി രൂപയുടെ വിമാനങ്ങളാണ് എയർ ഇന്ത്യ എത്തിക്കാൻ പോകുന്നത്. ഇതിൽ 70 എണ്ണം ദീർഘദൂര യാത്രകൾക്ക് വേണ്ടിയുള്ള വലിയ വിമാനങ്ങളാണ്. ഹ്രസ്വദൂര യാത്രകൾക്കും,ആഭ്യന്തര യാത്രകൾക്കും വേണ്ടിയാവും ചെറുവിമാനങ്ങൾ ഉപയോഗിക്കുക.
പരിഷ്‌കരണ പദ്ധതികളുടെ ഭാഗമായി വിസ്താര എയർലൈൻസ് അടുത്ത വർഷത്തോടെ എയർ ഇന്ത്യയിൽ ലയിക്കുമെന്നാണ് സൂചന. കൂടാതെ എയർ ഏഷ്യയും ചേരും. വിസ്താരയുടെ പകുതിയിലധികം ഓഹരികൾ ടാറ്റയുടെ ഉടമസ്ഥതയിലാണ്. ലയനത്തിനുള്ള നിയമ നടപടിക്രമങ്ങളെല്ലാം പൂർത്തിയായെന്ന് എയർ ഇന്ത്യ സിഇഒയും എംഡിയുമായ കാംഫെൽ വിൽസൺ പറഞ്ഞു.















