മുംബൈ: ഗുണ്ടാനേതാവ് രവി പൂജാരിയുടെ സഹായി പിടിയിൽ. കവർച്ചാ കേസിൽ പോലീസ് തിരയുന്ന വിജയ് പുരുഷോത്തം സാൽവിയാണ് പിടിയിലായത്. മുംബൈ വിമാനത്താവളത്തിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. താനെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കാസർവാഡാവലി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കവർച്ച കേസിലാണ് വിജയ് പുരുഷോത്തം സാൽവി എന്ന വിജയ് തമ്പത്തിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിരിക്കുന്നത്.യുഎഇയിൽ നിന്ന് മുംബൈ വിമാനത്താവളത്തിൽ എത്തിയ സാൽവിയെ എമിഗ്രേഷൻ ഉദ്യോഗസ്ഥർ പിടികൂടി താനെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർക്ക് കൈമാറി.
കൊലപാതകം, കവർച്ച തുടങ്ങിയ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് നിരവധി കേസുകളിലെ പ്രതിയാണ് ഗുണ്ടാനേതാവ് രവി പൂജാരി. 2017-ൽ രവി പൂജാരി റോമാ ബിൽഡേഴ്സിന്റെ ഉടമ മഹേന്ദ്ര പംനാനിയെ ഭീഷണിപ്പെടുത്തി 10 കോടി രൂപ ആവശ്യപ്പെട്ട കേസിലാണ് സാൽവിയെ പിടികൂടിയിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.