എറണാകുളം: റിസർ ബാങ്കിന്റെ ഡിജിറ്റൽ നാണയമായ ഇ-റുപ്പി കൂടുതൽ ജനപ്രിയമാക്കുന്നതിന് ആകർഷകമായ ആനുകൂല്യങ്ങൾ ഉപയോക്താക്കൾക്ക് ലഭ്യമാക്കാൻ പുതിയ പദ്ധതികളുമായി വാണിജ്യ ബാങ്കുകൾ. ഇ-റുപി മുഖേന ഇടപാടുകൾ നടത്തുന്ന ഉപയോക്താക്കൾക്ക് വിവിധ ഇളവുകൾ ലഭ്യമാക്കാനാണ് ബാങ്കുകൾക്ക് ആർബിഐ നിർദ്ദേശം നൽകിയിരിക്കുന്നത്. ഡെബിറ്റ്-ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് നൽകുന്ന തരത്തിലുള്ള ഓഫറുകൾ ഇതിലൂടെ ലഭിക്കും. ക്യാഷ് ബാക്ക് ഓഫറുകൾ, പോയിന്റുകൾ എന്നിവ ഇനി മുതൽ ഇ-റുപി ഉപയോഗിക്കുന്നവർക്കും ലഭ്യമാകും.
കഴിഞ്ഞ വർഷം ഡിസംബറിലാണ് ഇ-റുപിയുടെ ഉപയോഗം വ്യാപകമാക്കുന്നതിന് വേണ്ടി പൈലറ്റ് പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. ഒരു വർഷത്തിനുള്ളിൽ പ്രതിദിനം പത്ത് ലക്ഷം ഇടപാടുകളായിരുന്നു ലക്ഷ്യം. എന്നാൽ പ്രതിദിനം 25,000 ഇടപാടുകൾ വരെ കൈവരിക്കാൻ സാധിക്കുന്നുള്ളൂ എന്നതിനാലാണ് പുതിയ പദ്ധതികൾ ആവിഷ്‌കരിക്കുന്നത്. കൂടാതെ ഇ-റുപിയെ രാജ്യത്തെ പ്രധാന പെയ്‌മെന്റ് ഇന്റർഫേയ്‌സായ യുപിഐയുമായി ബന്ധിപ്പിക്കുന്നതിനും ആർബിഐ തീരുമാനിച്ചിട്ടുണ്ട്.
മുൻനിര സ്വകാര്യ ബാങ്കുകളായ എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഐഡിഎഫ്‌സി ബാങ്ക്, യെസ് ബാങ്ക് എന്നിവയോടൊപ്പം പൊതുമേഖല ബാങ്കായ യൂണിയൻ ബാങ്കും ഇ-റുപി ഉപയോക്താക്കൾക്ക് ആനുകൂല്യങ്ങൾ നൽകുന്നതിന് വേണ്ടി തയാറെടുക്കുകയാണ്. നിലവിൽ ഇളവുകൾ ലഭിക്കുന്ന സേവനങ്ങൾ വിമാന, ട്രെയിൻ ബുക്കിംഗ്, മൊബൈൽ റീച്ചാർജിംഗ്, ഹൈവേകളിലെ ഫാസ്റ്റ് ടാഗ് റീച്ചാർജിംഗ്, യുപിഐ പേയ്‌മെന്റുകൾ എന്നിവയാണ്.















