പ്രായഭേദമന്യേ ജനപ്രീതിയേറെയുള്ള സിനിമകളാണ് ഹൊറർ സിനിമകൾ. ത്രില്ലും സസ്‌പെൻസും പ്രേക്ഷകരെ ഏറെ ആകർഷിക്കുന്നു. ഒരേ സമയം ഭയത്തിന്റെയും ആവേശത്തിന്റെയും മുൾമുനയിൽ പ്രേക്ഷകനെ നിർത്താൻ പ്രേതസിനിമകൾക്ക് കഴിയുന്നു. വൈവിധ്യമാർന്ന അനുഭവങ്ങളാണ് ഇത്തരം സിനിമകൾ നൽകുന്നത്. എന്നിരുന്നാലും വളരെ കുറച്ച് ആളുകൾക്ക് ഇത്തരം ചിത്രങ്ങളോട് ഒരൽപ്പം ഭയമുണ്ട്. എന്നാൽ ഇങ്ങനെ ഭയപ്പെടുന്നവർക്ക് നഷ്ടമാകുന്നത് നിരവധി ഗുണങ്ങളാണ്.
ഹൊറർ സിനിമകൾ കാണുന്നത് നല്ലതാണെന്നാണ് മനഃശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നത്. ഇത്തരം സിനിമകൾ കാണുന്നത് വഴി ഹാപ്പി ഹോർമോണുകളായ എൻഡോർഫിൻ, ഡോപാമൈൻ തുടങ്ങിയവ തലച്ചോറിൽ ഉത്പാദിപ്പിക്കാൻ സഹായിക്കും. സമ്മർദ്ദം, വേദന തുടങ്ങിയവയെ അകറ്റാൻ സഹായിക്കുന്നവയാണ് ഈ ഹാപ്പി ഹോർമോണുകൾ. എഡിൻബർഗിലെ ക്വീൻ മാർഗരറ്റ് യൂണിവേഴ്സിറ്റിയിലെ ന്യൂറോ സൈക്കോളജിസ്റ്റ് ഡോ. കിസ്റ്റൻ നോൾസാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഹൊറർ സിനിമ കാണുമ്പോൾ പേടി ഉണ്ടാകുന്നു, ഈ സമയം തലച്ചോറിൽ എൻഡോർഫിന്റെ ഉത്പാദനം കൂടുന്നു.
യാഥാർത്ഥ്യത്തിൽ നിന്നും വ്യത്യസ്തമായൊരു ലോകത്തേക്ക് ഇത്തരം സിനിമകൾ പ്രേക്ഷകനെ എത്തിക്കുന്നുവെന്ന് ഡാറ്റാ അനലിസ്റ്റായ ബ്രയാൻ ബിസെസി പറഞ്ഞു. കൊറോണ മഹാമാരി കാലത്ത് ഹൊറർ സിനിമകൾ കണ്ടവരിൽ പ്രതിരോധശേഷി മെച്ചപ്പെട്ടതായി പഠനങ്ങൾ പറയുന്നു. തീവ്രമായ വൈകാരിക അനുഭവം പര്യവേക്ഷണം ചെയ്യാനുള്ള സുരക്ഷിത മാർഗമായാണ് ഹൊറർ സിനിമകളെ കാണുന്നത്.
ഭയമോ ആകാംക്ഷയോ ഉളവാക്കുന്ന സാഹചര്യത്തിൽ ശരീരത്തിൽ ഹോർമോൺ വ്യതിയാനം സംഭവിക്കുന്നു. സ്‌ട്രെസ് ഹോർമോണായ അഡ്രിനാലിൻ പോലെയുള്ളവ ഈ സമയം ഉത്പാദിപ്പിക്കപ്പെടുന്നു. ഇതിന്റെ ഫലമായി ഹൃദയമിടിപ്പ് വർദ്ധിക്കുന്നു. എന്നാൽ സിനിമയ്‌ക്കൊടുവിൽ ആഹ്ലാദവും സന്തോഷവും അനുഭവപ്പെടുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. സ്‌കൈ ഡൈവിംഗ് ചെയ്യുന്ന സമയത്തിന് സമാനമാണ് ഹൊറർ സിനിമ കാണുന്നത്. ആദ്യം കുറച്ചധികം പേടി തോന്നിയാലും ഒടുവിൽ സന്തോഷത്തിന്റെ ലോകത്താകും എത്തിച്ചേരുക. അതുകൊണ്ട് തന്നെ ഉത്കണ്ഠയോട് വിട പറയാൻ ആഗ്രഹിക്കുന്നവർക്ക് ഹൊറർ ചിത്രങ്ങൾ കാണാവുന്നതാണ്.














