കൊൽക്കത്ത: കൊൽക്കത്തയിലെ ഈഡൻ ഗാർഡൻ സ്റ്റേഡിയത്തിൽ നടന്ന പാകിസ്താൻ ബംഗ്ലാദേശ് ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിനിടെ പാലസ്തീൻ പതാക വീശിയ നാല് പേരെ കസ്റ്റഡിയിലെടുത്ത് പോലീസ്. അറസ്റ്റിലായവരിൽ രണ്ട് പേർ ഝാർഖണ്ഡ് സ്വദേശികളും ഒരാൾ കൊൽക്കത്ത സ്വദേശിയും മറ്റൊരാൾ ഹൗറ സ്വദേശിയുമാണെന്ന് പോലീസ് പറഞ്ഞു.
സ്റ്റേഡിയത്തിലെ ഗേറ്റ് നമ്പർ 6ന് സമീപത്ത് നിന്നാണ് രണ്ട് പേർ പതാക വീശിയത്. മറ്റ് രണ്ട് പേർ ബ്ലോക്ക് ജി1ന് സമീപത്തുമാണ് ഉണ്ടായിരുന്നത്. ഇവരെ കുറിച്ചുള്ള വിശദാംശങ്ങൾ ശേഖരിച്ച് വരികയാണെന്നും, നാല് പേരെയും കസ്റ്റഡിയിൽ ചോദ്യം ചെയ്യുകയാണെന്നും പോലീസ് പറഞ്ഞു.
ഇസ്രായേലിനെതിരെയുള്ള പ്രതിഷേധം പ്രകടിപ്പിക്കുകയായിരുന്നുവെന്നാണ് ഇവർ പോലീസിനോട് പറഞ്ഞത്. അന്താരാഷ്ട്ര മത്സരം നടക്കുന്ന വേദി ഇതിന് വേണ്ടിയാണ് നാല് പേരും തിരഞ്ഞെടുത്തതെന്നും പോലീസ് പറയുന്നു.