എം3 ചിപ്പുകളിൽ പുതിയ മാക്ബുക്ക് പ്രോ മോഡലുകൾ അവതരിപ്പിച്ച് ആപ്പിൾ. ലിക്വിഡ് റെറ്റിന എക്സ്ഡിആർ ഡിസ്പ്ലേ, 22 മണിക്കൂർ ബാറ്ററിലൈഫ് ഉൾപ്പെടെയാണ് പുതിയ മോഡലുകൾ എത്തിയിരിക്കുന്നത്. എം3, എം3 പ്രോ, എം3 മാക്സ് എന്നീ ചിപ്പുകളിൽ മികച്ച പ്രവർത്തന ക്ഷമതയാണ് കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്. ടിഎസ്എംസിയുടെ 3 നാനോമീറ്റർ പ്രോസസിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ചിപ്പുകൾ സജ്ജീകരിച്ചിരിക്കുന്നത്.
ഇന്ത്യയിൽ 1,69,900 രൂപയ്ക്കാണ് ആപ്പിളിന്റെ പുതിയ എം3 മാക്ബുക്ക് പ്രോ എത്തുന്നത്. 14 ഇഞ്ച് ഡിസ്പ്ലേയാണ് ഇതിന് ഉപയോഗിച്ചിരിക്കുന്നത്. എം3 പ്രോ ചിപ്പുമായി എത്തിയ 14 ഇഞ്ച് വേരിയന്റിന് 1,99,900 രൂപയാണ് വില. 16 ഇഞ്ച് മാക്ബുക്ക് പ്രോ ബേസ് മോഡലിന് 2,49,900 രൂപയാണ് വിപണി വില. ഈ മൂന്ന് മോഡലുകളിലും സിൽവർ, സ്പേസ് ബ്ലാക്ക് എന്നീ കളർ ഓപ്ഷനുകൾ ലഭിക്കും.
എം3യിൽ പ്രവർത്തിക്കുന്ന മാക്ബുക്ക് പ്രോ മോഡലുകൾ ഇന്ത്യ ഉൾപ്പെടെ 27 രാജ്യങ്ങളിൽ പ്രീ ഓർഡർ ചെയ്യുന്നതിനുള്ള അവസരമുണ്ട്. നവംബർ ഏഴോടെ ഇത് വിൽപ്പനയ്ക്കെത്തുന്നതാണ്. എം3 മാക്സ് ചിപ്പിൽ 128 ജിബി വരെ റാം ഉൾപ്പെടുത്തിയിട്ടുണ്ട്.