ന്യൂഡൽഹി: മദ്യനയ കുംഭകോണ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ കടന്നാക്രമിച്ച് കോൺഗ്രസ് ഡൽഹി ഘടകം. ഇഡിയെ പേടിച്ച് അരവിന്ദ് കേജ്രിവാൾ ഓടിയൊളിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് പറഞ്ഞു. അണ്ണാ ഹസാരയ്‌ക്കൊപ്പം സമരം ചെയ്യാനിറങ്ങിയപ്പോൾ പറഞ്ഞ ആദർശങ്ങൾ കേജ്രിവാൾ ഇപ്പോൾ മറന്നിരിക്കുന്നു എന്നും അദ്ദേഹം പരിഹസിച്ചു.
കേജ്രിവാൾ അഴിമതിയുടെ സാഗരമാണെന്ന് ബിജെപി വക്താവ് സാംബിത് പാത്ര പറഞ്ഞു. അഴിമതി നടത്തിയതിനാലാണ് അന്വേഷണത്തിൽ നിന്നും കേജ്രിവാൾ ഒളിച്ചോടുന്നതെന്നും സംബിത് പാത്ര ചൂണ്ടിക്കാട്ടി. അധികം വൈകാതെ ഡൽഹി മുഖ്യമന്ത്രിയുടെ അഴിമതിക്കഥകൾ പുറത്തുവരുമെന്നും തന്റെ സഹപ്രവർത്തകരുടെ അവസ്ഥ തന്നെ അരവിന്ദ് കേജ്രിവാളിന് വന്നുചേരുമെന്നും പാത്ര പറഞ്ഞു.
മദ്യനയ കുഭകോണ കേസിൽ അരവിന്ദ് കേജ്രിവാളിനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി നിർദ്ദേശിച്ചിരുന്നു. എന്നാൽ ഹജരാകാൻ ഡൽഹി മുഖ്യമന്ത്രി കൂട്ടാക്കിയില്ല. തുടർന്നും ഇഡി നോട്ടീസ് നൽകുകയാണെങ്കിൽ കോടതിയെ സമീപിക്കാനാണ് ആപ്പിന്റെ തീരുമാനം. ഇഡിയെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ വേട്ടയാടാൻ ശ്രമിക്കുന്നു എന്ന് വരുത്തിത്തീർക്കാനാണ് ആപ്പിന്റെ ശ്രമം.