എറണാകുളം: ശരീരത്തിലൊളിപ്പിച്ചു കൊണ്ടുവന്ന 52 ലക്ഷം രൂപയുടെ സ്വർണം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടി. ജിദ്ദയിൽ നിന്നും വന്ന പട്ടാമ്പി സ്വദേശി ബഷീർ മുഹമ്മദാണ് പിടിയിലായത്. 1067 ഗ്രാം സ്വർണം നാല് കാപ്സ്യൂളുകളുടെ രൂപത്തിലാക്കി തിരിച്ചറിയാതിരിക്കാൻ വെള്ള കളർ പൂശിയാണ് കൊണ്ടുവന്നത്.
രണ്ട് ദിവസം മുമ്പ് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും അരക്കോടിയുടെ സ്വർണം കസ്റ്റംസ് പിടികൂടിയിരുന്നു. ബാങ്കോക്കിൽ നിന്നും വന്ന കോഴിക്കോട് സ്വദേശി ഹിസ്ഹാം മർഷദിനെ കോഴിക്കോട് നിന്നുള്ള ഡിആർഐ യൂണിറ്റ് നൽകിയ രഹസ്യവിവരത്തെ തുടർന്നാണ് പിടികൂടിയത്. 26 ലക്ഷം രൂപവില വരുന്ന 500 ഗ്രാം സ്വർണം ഇയാൾ സോക്സിനുള്ളിലായി ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുകയായിരുന്നു.