ലക്നൗ : ശ്രീരാമ നഗരമായ അയോദ്ധ്യയ്ക്ക് പിന്നാലെ, രുദ്രദേവ നഗരമായ കാശിയും പുനരുജ്ജീവിപ്പിക്കപ്പെടുന്നു . പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക്സഭാ മണ്ഡലമായ വാരണാസിയിൽ പുതിയ ടൗൺഷിപ്പ് പദ്ധതിക്ക് യോഗി സർക്കാർ അംഗീകാരം നൽകി. ഈ ടൗൺഷിപ്പ് ‘വേദിക് സിറ്റി സാരാനാഥ്’ എന്നറിയപ്പെടും. പ്രധാന വാരണാസിയിൽ നിന്ന് 9 കിലോമീറ്റർ അകലെയുള്ള സാരാനാഥിലാണ് ഈ ടൗൺഷിപ്പ് നിർമ്മിക്കുന്നത് . ബുദ്ധൻ ജ്ഞാനോദയത്തിന് ശേഷം തന്റെ ആദ്യ പ്രഭാഷണം നടത്തിയ സ്ഥലത്താണ് ഇത്.
ലോകനിലവാരത്തിലുള്ള ‘വേദിക് സിറ്റി സാരാനാഥ്’ എന്ന നിർദ്ദേശത്തിന് ഹൗസിംഗ് ആൻഡ് ഡെവലപ്മെന്റ് ബോർഡ് യോഗത്തിൽ അംഗീകാരം ലഭിച്ചതായി ഉത്തർപ്രദേശ് ഹൗസിംഗ് ആൻഡ് ഡെവലപ്മെന്റ് കൗൺസിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 109.9 ഹെക്ടർ സ്ഥലത്ത് വേദിക് സിറ്റി സാരാനാഥ് നിർമ്മിക്കുമെന്നും ഈ പദ്ധതിക്കായി സർക്കാർ ഭൂമി ഏറ്റെടുക്കുമെന്നും യുപി ഹൗസിംഗ് ആൻഡ് ഡെവലപ്മെന്റ് ബോർഡ് അഡീഷണൽ ഹൗസിംഗ് കമ്മീഷണർ നീരജ് ശുക്ല പറഞ്ഞു
ആദ്യ ഘട്ടത്തിൽ 1407 ഏക്കർ സ്ഥലത്ത് നിർമ്മിക്കുന്ന പുതിയ അയോദ്ധ്യ ഗ്രീൻ ഫീൽഡ് ടൗൺഷിപ്പ് പദ്ധതിക്കാണ് ഹൗസിംഗ് ബോർഡ് അംഗീകാരം നൽകിയത് . ആശ്രമം, പഞ്ചനക്ഷത്ര ഹോട്ടൽ, കുടിൽ വ്യവസായ സംഭരണശാല, കൃത്രിമ തടാകം എന്നിവയെല്ലാം ഇതിൽ നിർമ്മിക്കും.