ദീപാവലിയോടനുബന്ധിച്ച് ഓൺലൈൻ വെബ്സൈറ്റുകൾ നിരവധി ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആകർഷകമായ ഓഫറുകൾക്ക് പിന്നാലെ പോകുമ്പോൾ ചിലപ്പോൾ തട്ടിപ്പിന് ഇരയാകാനുമുള്ള സാധ്യതയേറെയാണ്. ഇക്കാരണത്താൽ തന്നെ നിങ്ങളുടെ പണവും വ്യക്തിഗത വിവരങ്ങളും സംരക്ഷിക്കുന്നതിനായി ഇക്കാര്യങ്ങൾ ശ്രദ്ധിക്കുന്നത് നന്നായിരിക്കും.
- വിശ്വസനീയമായ വെബ്സൈറ്റുകളിൽ നിന്നും മാത്രം സാധനം വാങ്ങുക…
ഉപയോക്താക്കൾക്ക് കൃത്യമായി അറിയാവുന്നതും വിശ്വസിക്കാനാകുന്നതുമായ വെബ്സൈറ്റുകളിൽ നിന്നും മാത്രം സാധനങ്ങൾ ഓർഡർ ചെയ്യുക. സുപരിചിതമല്ലാത്ത വെബ്സൈറ്റിൽ നിന്നുമാണ് സാധനം വാങ്ങുന്നത് എങ്കിൽ വെബ്സൈറ്റിൽ മുമ്പ് തട്ടിപ്പുകൾ നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുക. ആവശ്യപ്പെടാതെ തന്നെ പോപ്പ് അപ്പുകൾ വരുന്ന വെബ്സൈറ്റുകളിൽ നിന്നുള്ള ഷോപ്പിംഗ് ഒഴിവാക്കുക. ഇത്തരം വെബ്സൈറ്റുകളിൽ തട്ടിപ്പുകൾ നടക്കാനുള്ള സാധ്യത ഏറെയാണ്.
- സ്ട്രോംഗ് ആയ പാസ്വേഡുകൾ ഉപയോഗിക്കുക
എല്ലാ ഓൺലൈൻ ഷോപ്പിംഗ് അക്കൗണ്ടുകൾക്കും മികച്ച പാസ്വേഡുകൾ നൽകുന്നത് കൂടുതൽ സുരക്ഷ ഉറപ്പു വരുത്താൻ സഹായകമാണ്. സാധ്യമാകുമ്പോഴെല്ലാം ടു-ഫാക്ടർ ഒതന്റിക്കേഷൻ ഉപയോഗിക്കുക. ഫോണിലോ ലാപ്ടോപ്പിലോ ലഭിക്കുന്ന കോഡ് നൽകി ടു-ഫാക്ടർ ഒതന്റിക്കേഷൻ നൽകാവുന്നതാണ്.
- ഓൺലൈനിൽ പങ്കുവെക്കുന്ന വിവരങ്ങളെക്കുറിച്ച് ശ്രദ്ധിക്കുക
പാൻ, ക്രെഡിറ്റ് കാർഡ് എന്നിങ്ങനെയുള്ള സ്വകാര്യ വിവരങ്ങൾ ഷെയർ ചെയ്യുമ്പോൾ ശ്രദ്ധിക്കണം. മുൻ പരിചയമില്ലാത്തതും വിശ്വസനീയമല്ലാത്ത വെബ്സൈറ്റുകളിലും ഇവ പങ്കുവെയ്ക്കരുത്. സ്വകാര്യ വിവരങ്ങൾ പങ്കുവെയ്ക്കണമെന്ന് ആവശ്യപ്പെടുന്ന ഇമെയിലുകളോ വെബ്സൈറ്റുകളോ ശ്രദ്ധയിൽപ്പെട്ടാൽ ജാഗ്രത പാലിക്കുക.
- സോഫ്റ്റ്വെയർ കൃത്യമായി അപ്ഡേറ്റ് ചെയ്യുക
ഫോണും ലാപ്ടോപ്പും കൃത്യമായി അപ്ഡേറ്റ് ചെയ്യുക. ഇതിലൂടെ മാൽവെയർ, സൈബർ ഭീഷണികൾ എന്നിവയിൽ നിന്നും രക്ഷ നേടാൻ സഹായിക്കും.
- വിശ്വസനീയമായ പേയ്മെന്റ് രീതി ഉപയോഗിക്കുക
സാധനങ്ങൾക്കോ സേവനങ്ങൾക്കോ ഓൺലൈൻ മുഖേന പണമടയ്ക്കുമ്പോൾ വിശ്വസനീയമായ പേയ്മെന്റ് രീതി മാത്രം ഉപയോഗിക്കുക.
- നിങ്ങളുടെ ബാങ്ക് സ്റ്റേറ്റ്മെന്റ് ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്മെന്റ് എന്നിവ പതിവായി പരിശോധിക്കുക
ബാങ്ക്, ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്മെന്റുകൾ പതിവായി പരിശോധിക്കുക. അക്കൗണ്ടിൽ നിന്ന് അറിയാതെ എന്തെങ്കിലും തിരിമറിയോ, പണം നഷ്ടപ്പെട്ടതായി കാണുകയോ ചെയ്താൽ അത് ഉടൻ ബാങ്കിലോ ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് കമ്പനിയിലോ റിപ്പോർട്ട് ചെയ്യുക.