50,000 രൂപയിൽ താഴെയുള്ള ചെറിയ വ്യക്തിഗത വായ്പകൾക്കുള്ള ചട്ടം കടുപ്പിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ബാങ്കുകളോട് ജാഗ്രത പാലിക്കണമെന്ന് ആർബിഐ ആവശ്യപ്പെട്ടു. ചെറിയ വായ്പകളെക്കുറിച്ച് വിശദമായി പഠിക്കേണ്ടതുണ്ടെന്നും ആർബിഐ അറിയിച്ചു.
2023 ജൂൺ വരെയുള്ള കണക്കുകളനുസരിച്ച് 50,000 രൂപയിൽ താഴെയുള്ള വായ്പകളുടെ പേയ്‌മെന്റ് ക്രമക്കേട് 8.1 ശതമാനമാണെന്ന് രാജ്യത്തെ മുൻനിര ക്രെഡിറ്റ് ബ്യൂറോയായ സിആർഎഫ്ഐ വ്യക്തമാക്കുന്നു. 2023 മാർച്ച് വരെയുള്ള റീടെയിൽ ലോണുകളുടെയും 1.4 ശതമാനമെന്ന അനുപാതത്തേക്കാൾ വളരെ കൂടതലാണിതെന്ന് റിസർവ് ബാങ്ക് കണക്കുകൾ വ്യക്തമാക്കുന്നു. ചെറിയ വ്യക്തിഗത വായ്പകളെടുക്കുന്നവർ നേരിടാൻ സാധ്യതയുള്ള അപകടങ്ങൾ പരിഗണിച്ചാണ് ജാഗ്രത മുന്നറിയിപ്പെന്നാണ് ഒരു വിഭാഗം സാമ്പത്തിക വിദഗ്ധർ ചൂണ്ടികാണിക്കുന്നത്.
വരുമാനവും ചെലവും തമ്മിലുള്ള അന്തരം കുറയ്‌ക്കാനാണ് 10,000 രൂപ മുതൽ 50,000 രൂപ വരെയുള്ള ചെറിയ വായ്പകൾ പ്രയോജനപ്പെടുന്നത്. കുറഞ്ഞ വരുമാനമുള്ള വ്യക്തികൾ ചെലവുകൾക്ക് അധിക പണം കണ്ടത്തേണ്ട സാഹചര്യമാണുള്ളത്. തിരിച്ചടയ്‌ക്കാമെന്ന കണക്കുകൂട്ടലിൽ വായ്പയെടുക്കുന്ന ഭൂരിഭാഗം ആളുകൾക്കും അതിന് സാധിക്കാറില്ല. നിലവിലെ വരവ് – ചെലവ് അന്തരം നികത്താൻ വായ്പയെടുക്കുന്നവർക്ക് കഴിയുന്നില്ല. കൂടുതൽ കടക്കെണിയിലേക്ക് വായ്പാക്കാരെ ഇത് നയിക്കുന്നു. ബാങ്കുകൾക്ക് കൂടുതൽ സമ്മർദ്ദം സൃഷ്ടിക്കുന്നു. ഈ സാഹര്യത്തിലാണ് ജാഗ്രത നിർദ്ദേശമെന്നാണ് സിആർഎഫ്ഐ ചൂണ്ടിക്കാണിക്കുന്നത്.















