ആലപ്പുഴ: കുട്ടനാട്ടിൽ ആത്മഹത്യ ചെയ്ത കർഷകൻ കെ ജി പ്രസാദിന്റെ വീട്ടിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ ഇന്ന് സന്ദർശനം നടത്തും. തുടർന്ന് പ്രസാദിന്റെ കുടുംബാംഗങ്ങളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഇന്ന് ബിജെപിയുടെ നേതൃത്വത്തിൽ രാവിലെ 10.30 യ്ക്ക് ആലപ്പുഴ കളക്ടറേറ്റിലേയ്ക്ക് മാർച്ച് നടത്തുന്നുണ്ട്.
കുട്ടനാട്ടിൽ ആത്മഹത്യ ചെയ്ത കർഷകൻ കെ ജി പ്രസാദിന്റെ മരണവുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെയുള്ള കർഷക സംഘടനകളുടെ പ്രതിഷേധം ശക്തമാവുകയാണ്. പ്രസാദിന്റെ ആത്മഹത്യാക്കുറിപ്പിലെ വാദങ്ങൾ സർക്കാർ തള്ളുകയാണെങ്കിലും പ്രതിഷേധവുമായി മുന്നോട്ട് പോകാൻ ആണ് വിവിധ പാടശേഖരസമിതികളുടെയും കർഷക കൂട്ടായ്മകളുടെയും തീരുമാനം. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ കുട്ടനാട്ടിൽ ഇന്ന് കരിദിനമാചരിക്കുകയാണ്.
നേരത്തെ ആലപ്പുഴയിൽ കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ സർക്കാരിനെതിരെ വിമർശനവുമായി വി മുരളീധരൻ രംഗത്തെത്തിയിരുന്നു. സർക്കാരിന്റെ നെല്ല് സംഭരണ രീതിയുടെ വൈകല്യം കാരണമാണ് കടക്കെണിയിൽപ്പെട്ട് കർഷകൻ ആത്മഹത്യ ചെയ്ത സാഹചര്യം വീണ്ടുമുണ്ടായതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. പിണറായി സർക്കാരിന്റെ ഭരണത്തിനെതിരെയും വി മുരളീധരൻ രൂക്ഷ വിമർശനമാണ് ഉയർത്തിയത്.