ഇംഗ്ലണ്ട് : കുടുംബത്തോടൊപ്പം ദീപാവലി ആഘോഷിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ഡൗണിംഗ് സ്ട്രീറ്റ് 10-ൽ ഋഷി സുനകും ഭാര്യ അക്ഷത മൂർത്തിയും ദീപങ്ങൾ തെളിയിച്ചു. ദീപാവലി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും അദ്ദേഹം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ വസതിയിൽ നടന്ന ദീപാവലി ആഘോഷത്തിൽ പാർലമെന്റ് അംഗങ്ങൾ, പ്രമുഖ വ്യവസായികൾ, ബോളിവുഡ് താരങ്ങൾ എന്നിവർ പങ്കെടുത്തു. വിദേശകാര്യമന്ത്രി എസ് ജയശങ്കറും ഭാര്യയും ദീപാവലി ആഘോഷങ്ങളിൽ പങ്കെടുക്കാൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ വസതിയിലെത്തിയിരുന്നു. ഗണപതി വിഗ്രഹവും, ക്രിക്കറ്റ് താരം വിരാട് കോലിയുടെ ഓട്ടോഗ്രാഫ് രേഖപ്പെടുത്തിയ ക്രിക്കറ്റ് ബാറ്റും ജയശങ്കർ ഋഷി സുനകിന് സമ്മാനിച്ചു.
യുകെയിലും ലോകമെമ്പാടും ദീപാവലി ആഘോഷിക്കുന്ന എല്ലാവർക്കും ദീപാവലി ആശംസകൾ അറിയിക്കുന്നുവെന്ന അടികുറിപ്പോടെയാണ് ഋഷി സുനക് സമൂഹമാദ്ധ്യമങ്ങളിൽ ചിത്രങ്ങൾ പങ്കുവെച്ചത്.