കോട്ടയം: സർക്കാരിന്റെ ക്ഷേമ പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ജീവിക്കാനായി ഭിക്ഷ യാചിച്ച മറിയക്കുട്ടിക്കെതിരെ വ്യാജവാർത്ത നൽകിയതിന് ഖേദം പ്രകടിപ്പിച്ച്
ദേശാഭിമാനി. വ്യാജ പ്രചരണത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് മറിയക്കുട്ടി വ്യക്തമാക്കിയതിന് പിന്നാലെയാണ് ഖേദപ്രകടനവുമായി സിപിഎം മുഖപത്രം രംഗത്തുവന്നിരിക്കുന്നത്. മറിയക്കുട്ടിക്ക് സ്വന്തമായി രണ്ടുവീടുകളും ഏക്കറുകണക്കിന് വസ്തുക്കളും ഉണ്ടെന്നായിരുന്നു ദേശാഭിമാനി നൽകിയ വ്യാജ വാർത്ത. എന്നാൽ മറിയക്കുട്ടിക്ക് ഒരു തുണ്ട് ഭൂമി പോലുമില്ലെന്ന് മന്നാങ്കണ്ടം വില്ലേജ് ഓഫീസർ സ്ഥിരീകരിച്ചതിന് പിന്നാലെ വ്യാജപ്രചരണം പൊളിയുകയായിരുന്നു.
വ്യാജ വാർത്തയിൽ ഖേദം പ്രകടിപ്പിച്ചുകൊണ്ട് ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ച കുറിപ്പ്
വിധവാ പെൻഷൻകിട്ടുന്നില്ലെന്ന് പറഞ്ഞ് യാചനാ സമരം നടത്തിയ മറിയക്കുട്ടി താമസിക്കുന്ന വീടും പുരയിടവും ഇളയ മകൾ പി.സി. പ്രിൻസിയുടെ പേരിലുള്ളത്. ഈ മകൾ വിദേശത്താണെന്ന രീ തിയിൽ ദേശാഭിമാനിയിൽ വന്നവാർത്ത പിശകാണ്. മറിയക്കൂട്ടിയുടെ സഹോദരി റെയ്ച്ചൽ വർഷങ്ങളായി അമേരിക്കയിലാണ് താമസം. ഇതാണ് തെറ്റിദ്ധരിക്കാനിടയായത്.
അടിമാലി പഞ്ചായത്ത് പതിമൂന്നാം വാർഡ് 200 ഏക്കർ പൊന്നടത്തുപാറ 486-ാം നമ്പർ വിടിനും വിടീരിക്കുന്ന പുയിടത്തിനും അടുത്തനാൾ മുതൽ പ്രിൻസിയുടെ പേരിലാണ് കരം അടക്കുന്നത്. മറിയക്കുട്ടിക്ക് പഴമ്പള്ളിച്ചാലിൽ ഭൂമി ഉണ്ടായിരുന്നു. എന്നാലിതിന് പട്ടയമില്ലായിരുന്നു. വർഷങ്ങൾക്ക് മുമ്പ് ഇത് വിറ്റു. ഇപ്പോൾ 200 ഏക്കർ എന്ന സ്ഥലത്താണ് താമസം. സാലി (ഡൽഹി), ശാന്ത (വയനാട്), ജാൻസി വിജയൻ (ആയിരമേക്കർ), പ്രിൻസി (അടിമാലി) എന്നിവരാണ് മക്കൾ.
(മറിയക്കൂട്ടിക്ക് സ്വന്തമായി ഭൂമിയുണ്ടെന്നും ഇവരുടെ മകൾ പ്രിൻസി വിദേശത്താണ് താമസിക്കുന്നതെന്നും വാർത്ത വരാനിടയായതിൽ ഖേദിക്കുന്നു.
മാസങ്ങളായി ക്ഷേമ പെൻഷൻ മുടങ്ങിയതിനെ തുടർന്നാണ് അടിമാലിയിൽ അന്നക്കുട്ടിയും മറിയക്കുട്ടിയും ഭിക്ഷ യാചിച്ചത്. മരുന്നിനും ഉപജീവനത്തിനും വേണ്ടിയാണ് ഇവർ ഭിക്ഷക്കിറങ്ങിയത്. മറിയക്കുട്ടിക്ക് അഞ്ച് മാസത്തെ പെൻഷൻ നൽകാൻ ഉണ്ടെന്ന് അടിമാലി പഞ്ചായത്ത് സ്ഥിരീകരിക്കുന്നുമുണ്ട്. എന്നാൽ സർക്കാർ പണം നൽകാതെ പെൻഷൻ കൊടുക്കാൻ ആവില്ലെന്നാണ് പഞ്ചായത്തിന്റെ വിശദീകരണം.
മറിയക്കുട്ടിയുടെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായതോടെയാണ് വ്യാജ പ്രചരണവുമായി ഇടത് ക്യാംപ് സജീവമായത്. മറിയയ്‌ക്ക് ഒന്നര ഏക്കർ ഭൂമി, അതിൽ വീട് കൂടാതെ 5000 രൂപ മാസവാടക കിട്ടുന്ന മറ്റൊരു വീട്, മക്കൾക്ക് വിദേശത്ത് ജോലി ഇതെല്ലാമുണ്ടെന്നായിരുന്നു പ്രചരണം. ഇത് സാധൂകരിക്കുന്ന തരത്തിൽ ദേശാഭിമാനിയിൽ വാർത്തയും പ്രത്യക്ഷപ്പെട്ടു. വ്യാജ പ്രചരണത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാനിരിക്കെയാണ് മാപ്പുപറച്ചിലുമായി സിപിഎം മുഖപത്രം രംഗത്തുവന്നിരിക്കുന്നത്.