കോഴിക്കോട്: ഇൻസ്റ്റഗ്രാം പോസ്റ്റിന്റെ പേരിൽ റാഗിംഗ് ചെയ്ത സംഭവത്തിൽ ആറ് സീനിയർ വിദ്യാർത്ഥികളുടെ അറസ്റ്റ് രേഖപ്പെടുത്തി. നൗഷിൽ റഹ്‌മാൻ, മുഹമ്മദ് സിനാൻ, മുഹമ്മദ് അജ്‌നാസ്, മുഹമ്മദ് അനസ്, മുഹമ്മദ് ജാസിം, മുഹമ്മദ് ഷഫീർ എന്നിവരുടെ അറസ്റ്റാണ് കുന്ദമംഗലം പോലീസ് രേഖപ്പെടുത്തിയത്. വിദ്യാർത്ഥികൾക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കോഴിക്കോട് ചാത്തമംഗലം എംഇഎസ് കോളേജിലാണ് സംഭവം.
കഴിഞ്ഞ ദിവസമാണ് ഒന്നാം വർഷ സോഷ്യോളജി വിദ്യാർത്ഥിയായ മുഹമ്മദ് മിഥിലാജിനെ സീനിയർ വിദ്യാർത്ഥികൾ മർദ്ദിച്ചത്. ഇൻസ്റ്റഗ്രാമിൽ ഫോട്ടോ പോസ്റ്റ് ചെയ്തതിനാണ് മുഹമ്മദിനെ ആറ് സിനിയർ വിദ്യാർത്ഥികൾ ചേർന്ന് ക്രൂരമായി മർദിച്ചത്. കണ്ണിനും മുഖത്തും ഗുരുതരമായി പരിക്കേറ്റ മിഥിലാജ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. സംഭവത്തിൽ ആറ് സീനിയർ വിദ്യാർത്ഥികളെ കോളേജ് അധികൃതർ സസ്‌പെൻഡ് ചെയ്തിരുന്നു. പരാതി കാലിക്കറ്റ് സർവകലാശാലാ അധികൃതർക്ക് കൈമാറും.















