മലപ്പുറം: നിയമവിരുദ്ധമായ റോഡ് നിർമ്മാണം നടത്തിയതിന് വ്യക്തമായ വിവരം നൽകാതെ പരിഹസിച്ച് മറുപടി നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിവരാവകാശ കമ്മീഷണർ. മലപ്പുറം വാഴയൂർ പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയർ ഒ ബിബിൻ, ഹെഡ് ക്ലർക്ക് എൻഎസ് സുജ എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. സംസ്ഥാന വിവരാവകാശ കമ്മീഷണർ എ അബ്ദുൽ ഹഖീം ഇരുവർക്കും 12,500 രൂപ വീതം പിഴയാണ് ചുമത്തിയിരിക്കുന്നത്.
സിഎംഎൽആർആർപി ഫണ്ട് ഉപയോഗിച്ച് നിയമവിരുദ്ധമായാണ് വാഴയൂർ പഞ്ചായത്ത് റോഡ് നിർമ്മാണം നടന്നത്. ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ അന്വേഷിച്ച് വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയിലാണ് ഉദ്യോഗസ്ഥർ പരിഹസിച്ച് മറുപടി നൽകിയത്. ഹർജിക്കാരൻ ആവശ്യപ്പെട്ട വിവരങ്ങൾ നൽകാതെ ഉദ്യോഗസ്ഥർ പരസ്പരം കുറ്റംപറയുകയും അപേക്ഷകനെ പരിഹസിക്കുകയും ചെയ്തതായി കമ്മീഷണൻ കണ്ടെത്തിയിരുന്നു. ഇത് സംബന്ധിച്ച് വിവരാവകാശ വകുപ്പ് ഉദ്യോഗസ്ഥരോട് വിശദീകരണം തേടുകയും ചെയ്തു.
ഉദ്യോഗസ്ഥർ നൽകിയ വിശദീകരണങ്ങൾ വിലയിരുത്തിയ ശേഷം അത് തള്ളിയാണ് കമ്മീഷൻ അന്തിമ ഉത്തരവ് പുറപ്പെടുവിച്ചത്. ഇരുവരും പിഴത്തുക ഈ മാസം 30-നകം ട്രഷറിയിൽ അടക്കണമെന്നും അല്ലാത്തപക്ഷം ഉദ്യോഗസ്ഥരുടെ ശമ്പളത്തിൽ നിന്ന് ഈടാക്കുമെന്നും ഉത്തരവിൽ പറയുന്നു.