പാലക്കാട്: സംസ്ഥാനത്തെ നെൽ കർഷകരുടെ ആശങ്ക ഇരട്ടിയാക്കി സപ്ലൈകോ. നെല്ല് സംഭരണം പരിധി ഒറ്റയടിയ്‌ക്ക് 200 രൂപ കുറച്ചു. 2200 കിലോ എന്നതിൽ നിന്നാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ 2000 രൂപയായി കുറിച്ചിരിക്കുന്നത്. സ്‌പ്ലൈകോയുടെ പുതിയ തീരുമാനം വന്നതോടെ നെൽകർഷകരുടെ ആശങ്ക വർദ്ധിച്ചിരിക്കുകയാണ്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സപ്ലൈകോ നെല്ലുസംഭരണം തുടങ്ങിയിട്ടുണ്ട്. ഒരു ഏക്കറിന് 2200 കിലോ നെല്ലാണ് കർഷകരിൽ നിന്ന് സംഭരിച്ചിരുന്നത്. ഈ അളവാണ് 2,000 എന്നതായി കുറഞ്ഞത്. നെല്ല് കൊയ്ത് ഉണക്കിയെടുത്ത് സ്‌പ്ലൈകോയിൽ നൽകുന്നതിന് ദിവസങ്ങളുടെ കഷ്ടപാടാണ് കർഷകർ അനുഭവിക്കുന്നത്. എന്നാൽ അധികം വരുന്ന നെല്ല് ഇനി എന്ത് ചെയ്യുമെന്ന് അറിയാത്ത അവസ്ഥയാണിപ്പോൾ കർഷകർക്ക്.
സംസ്ഥാന സർക്കാരിന്റെ നിർദ്ദേശം വന്നാൽ ഉടൻ തന്നെ സംഭരണവില നൽകുമെന്ന് സപ്ലൈകോ അറിയിച്ചെങ്കിലും സംഭരണ അളവ് കുറഞ്ഞതിന്റെ ദുഃഖത്തിലാണ് കർഷകർ. കിലോയ്‌ക്ക് 28 രൂപ 20 പൈസയാണ് കർഷകർക്ക് ലഭിക്കുക. 2000 കിലോ എന്ന പരിധി രണ്ടാം വിളകൾക്കും ബാധകമാകുകയാണെങ്കിൽ വലിയ നഷ്ടമായിരിക്കും കർഷകർ നേരിടേണ്ടി വരിക.