പത്തനംതിട്ട: ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് കൂടുതൽ സേവനങ്ങൾ സജ്ജമാക്കി ബിഎസ്എൻഎൽ. സന്നിധാനത്തേക്കുള്ള പ്രധാന തീർത്ഥാടന പാതകളിൽ മൊബൈൽ കവറേജ് പ്രതിസന്ധികളില്ലാതെ റേഞ്ച് ലഭിക്കുന്നതിന് 23 മൊബൈൽ ടവറുകളാണ് ബിഎസ്എൻഎൽ സജ്ജമാക്കിയിരിക്കുന്നത്. പ്ലാപ്പള്ളി, പമ്പ ടെലിഫോൺ എക്സ്ചേഞ്ച്, പമ്പ കെഎസ്ആർടിസി, പമ്പ ഗസ്റ്റ് ഹൗസ്, പമ്പ ആശുപത്രി, പമ്പ ഹിൽടോപ്പ്, നിലക്കൽ, ളാഹ, അട്ടത്തോട്, ശബരിമല സിഎസ്സി, ശബരിമല ടെലിഫോൺ എക്സ്ചേഞ്ച് എന്നിങ്ങനെ നിലവിലുള്ള 12 മൊബൈൽ ടവറുകളിൽ നിന്നും മികച്ച സേവനം തടസ്സമില്ലാതെ ലഭ്യമാക്കുന്നതിന് വേണ്ട ക്രമീകരണങ്ങളും പൂർത്തിയായി.
ഇലവുങ്കൽ, നിലയ്ക്കൽ ആശുപത്രി, പമ്പ കെഎസ്ആർടിസി, ശരംകുത്തി, പ്രണവ് ബിൽഡിങ്, ശബരിമല ഗസ്റ്റ് ഹൗസ്, കൈലാഷ് ബിൽഡിങ്, പോലീസ് ബാരക്ക്, ശബരിമല നടപ്പന്തൽ, അപ്പാച്ചിമേട്, നിലയ്ക്കൽ പാർക്കിംഗ് ഏരിയ എന്നിവിടങ്ങളിലായി പുതിയ 11 മൊബൈൽ ടവറുകളുടെയും പ്രവർത്തനം സജ്ജമാക്കിയതായി ബിഎസ്എൻഎൽ അധികൃതർ അറിയിച്ചു. ശബരിമല, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ 300 എംബിപിഎസ് വേഗത ലഭിക്കുന്ന ഒപ്റ്റിക്കൽ ഫൈബർ കണക്ടിവിറ്റി ആണ് ലഭ്യമാക്കിയിരിക്കുന്നത്. ഒപ്റ്റിക്കൽ ഫൈബർ മുഖേനയുള്ള 150 ഇന്റർനെറ്റ് കണക്ഷനുകൾ, 26 ഹോട്ട് ലൈൻ, ഫൈബർ കണക്ടിവിറ്റിയിലൂടെ 15 ലിസ്ഡ് സർക്യൂട്ടുകൾ തുടങ്ങിയ സേവനങ്ങൾ വിവിധ വകുപ്പുകൾക്ക് വേണ്ടി നൽകിയിട്ടുണ്ട്.
പമ്പ മുതൽ സന്നിധാനം വരെ പ്രവർത്തിക്കുന്ന മുഴുവൻ ഓക്സിജൻ പാർലറുകൾ, എമർജൻസി മെഡിക്കൽ സെന്റർ എന്നിവയുടെ പ്രവർത്തനം സുഗമമാക്കുന്നതിനുള്ള ക്രമീകരണങ്ങളും പൂർത്തിയായതായി അധികൃതർ അറിയിച്ചു. കൂടാതെ 24 മണിക്കൂറും പ്രവർത്തിക്കുന്ന കസ്റ്റമർ സർവീസ് സെന്ററുകളും പമ്പയിലും ശബരിമലയിലും സജ്ജമാക്കി കഴിഞ്ഞു. പുതിയ മൊബൈൽ കണക്ഷൻ, അയൽസംസ്ഥാനങ്ങളിലുള്ള സിമ്മുകൾ എടുക്കുന്നത്, റീചാർജ്, ബിൽ പെയ്മെന്റ് തുടങ്ങിയ സേവനങ്ങൾ ഇവിടെ ലഭ്യമാകും. പമ്പ വെർച്ചൽ ക്യൂ, ശബരി മല ക്യൂ കോംപ്ലസ് തുടങ്ങിയ സ്ഥലങ്ങളിൽ തീർത്ഥാടകർക്ക് പബ്ലിക് വൈഫൈ സൗകര്യവും ലഭിക്കും.