തിരുവനന്തപുരം : ശബരിമല തീർത്ഥാടകർക്കായി 350 സ്പെഷ്യൽ ട്രെയിനുകൾ ഒരുക്കി ഇന്ത്യൻ റെയിൽ വേ. എല്ലാ സംസ്ഥാനങ്ങളിൽ നിന്നും സാധാരണയിൽ കവിഞ്ഞ് സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തുമെന്ന് ഇന്ത്യന്‍ റെയില്‍വേ പാസഞ്ചേഴ്സ് അമിനിറ്റീസ് കമ്മിറ്റി ചെയര്മാന് പി.കെ. കൃഷ്ണദാസ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
‘ ശബരിമല അയ്യപ്പഭക്തർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങൾ ഒരുക്കാൻ ഇന്ത്യൻ റെയിൽവേ തീരുമാനിച്ചിട്ടുണ്ട് അത് ഏതാണ്ട് മുഴുവനായും നടപ്പായിട്ടും ഉണ്ട്. എല്ലാ സംസ്ഥാനങ്ങളിൽ നിന്നും സാധാരണയിൽ കവിഞ്ഞ് സ്പെഷ്യൽ തീവണ്ടികൾ സർവീസ് നടത്തും. ഒരു ദിവസം ചുരുങ്ങിയത് 5-6 തീവണ്ടികൾ കേരളത്തിൽ എത്തിച്ചേരും.350 സ്പെഷ്യൽ തീവണ്ടികൾ ശബരിമല സീസണും ആയി ബന്ധപ്പെട്ട് സർവീസ് നടത്താൻ റെയിൽവേ തീരുമാനിച്ചിട്ടുള്ളത്.
സതേൺ റെയിൽവേ, സൗത്ത് വെസ്റ്റേൺ റെയിൽവേ, സൗത്ത് സെൻട്രൽ റെയിൽവേ എല്ലാം ചേർന്നുകൊണ്ട് 350 സ്പെഷ്യൽ തീവണ്ടികൾ ശബരിമല തീർത്ഥാടകർക്ക് വേണ്ടി മാത്രം സർവീസ് നടത്തും. ചില തീവണ്ടികൾ കോട്ടയം, കൊച്ചുവേളി,കൊല്ലം എന്നീ സ്റ്റേഷനുകളിൽ നിന്നായിരിക്കും അതിന്റെ മുഴുവൻ ഷെഡ്യൂളുകളും രണ്ടുദിവസത്തിനകം റെയിൽവേ പ്രസിദ്ധീകരിക്കും. അയ്യപ്പഭക്തന്മാർക്ക് കോട്ടയം ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനുകളിൽ വിശ്രമമുറികൾ ഒരുക്കിയിട്ടുണ്ട് അത് ഈ പ്രാവശ്യം മുതൽ ഓൺലൈനായി അല്ലാതെയും നേരത്തെ തന്നെ ബുക്ക് ചെയ്യാവുന്നതാണ്.
കോട്ടയം ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനുകളിൽ അയ്യപ്പഭക്തർക്ക് മുൻ സീസണുകളെ അപേക്ഷിച്ച് കൂടുതൽ സൗകര്യങ്ങൾ റെയിൽവേ ഒരുക്കിയിട്ടുണ്ട്. പുതിയ ഫാനുകൾ,ശൗചാലയങ്ങളുടെ എണ്ണം കൂട്ടിയിട്ടുണ്ട്,ശുദ്ധജലം ലഭിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്, അതുപോലെതന്നെ ആർപിഎഫിന്റെ സുരക്ഷാ സംവിധാനം ശക്തിപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്, മറ്റു സംസ്ഥാനങ്ങളിൽ നിന്നും കൂടുതൽ ആർപിഎഫ് ഉദ്യോഗസ്ഥരെ തിരുവനന്തപുരം ഡിവിഷനിലേക്ക് പ്രത്യേകിച്ച് കോട്ടയം ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനുകളിൽ നിയോഗിക്കാനാണ് റെയിൽവേ തീരുമാനിച്ചിട്ടുള്ളത്.അതുപോലെതന്നെ വിപുലമായപാർക്കിംഗ് സൗകര്യങ്ങളും രണ്ടു സ്റ്റേഷനുകളിലും റെയിൽവേ നൽകും. അയ്യപ്പഭക്തർക്ക് വേണ്ടിയുള്ള എല്ലാ സൗകര്യങ്ങളും റെയിൽവേയുടെ ഭാഗത്തുനിന്നും ചെയ്തിട്ടുണ്ട് – എന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു