ഇടുക്കി: തമിഴ്നാട്ടില്‍ നിന്നും കമ്പം മുഖേന എത്തുന്ന തീര്‍ത്ഥാടകരുടെ പ്രധാന ഇടത്താവളങ്ങളില്‍ ഒന്നാണ് കമ്പംമെട്ട്. പതിനായിരക്കണക്കിന് അയ്യപ്പ ഭക്തര്‍ ഓരോ വര്‍ഷവും ഇതുവഴി കടന്നു പോകുന്നുണ്ട്. എന്നാല്‍ മണ്ഡലകാലം ആരംഭിച്ചിട്ടും ദുരിതത്താവളമായി തുടരുകയാണ് ഇടുക്കി കമ്പംമെട്ടിലെ ഇടത്താവളം. ഇവിടെ അസൗകര്യങ്ങള്‍ മാത്രമാണ് ഉള്ളതെന്നാണ് ആക്ഷേപം.
നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് സര്‍ക്കാര്‍ പ്രഖ്യാപിച്ച കമ്പംമെട്ട് ഇടത്താവളം പദ്ധതിയും ഇതുവരെ പൂര്‍ത്തിയായിട്ടില്ല. പ്രാഥമിക ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള സൗകര്യങ്ങളും ഇവിടെയില്ല. പാര്‍ക്കിംഗ്, വിശ്രമ കേന്ദ്രം, വഴിവിളക്കുകള്‍, ശൗചാലയങ്ങള്‍ എന്നിവ നിര്‍മ്മിക്കുന്നതിനായിരുന്നു പദ്ധതി. ഇതിനായി നാല് കോടി രൂപയോളം 2019-ലെ ബജറ്റില്‍ നിന്നും വകയിരുത്തിയിരുന്നു. എന്നാല്‍ പ്രഖ്യാപനമല്ലാതെ മറ്റ് നീക്കങ്ങളൊന്നും തന്നെ നടന്നില്ലെന്നാണ് വിമര്‍ശനം.