കോട്ടയം: ചലച്ചിത്ര താരം വിനോദ് തോമസിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇന്നലെ വൈകുന്നേരം 5.30 നായിരന്നു കോട്ടയം പാമ്പാടിയിലെ ബാറിന് സമീപം നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ വിനോദിനെ ഹോട്ടൽ ജീവനക്കാരൻ അബോധാവസ്ഥയിൽ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം മണിക്കൂറുകളോളം വിനോദ് കാറിൽ ഇരുന്നിരുന്നതായാണ് ഹോട്ടൽ ജീവനക്കാരൻ വ്യക്തമാക്കിയത്. രണ്ട് മണി മുതൽ കാർ സ്റ്റാർട്ടാക്കിയാണ് വിനോദ് ഇതിനുള്ളിൽ ഇരുന്നത്. അതിനാൽ സ്റ്റാർട്ടാക്കിയ കാറിൽ പ്രവർത്തിച്ചിരുന്ന എസിയിൽ നിന്ന് വമിച്ച വിഷവാതകം ശ്വസിച്ചതാവാം മരണകാരണമെന്നാണ് സംശയിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ എന്നാണ് പോലീസ് പറയുന്നത്. വിനോദ് തോമസിന്റെ മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടം ചെയ്യും. കോട്ടയം മെഡിക്കൽ കോളേജിലാകും പോസ്റ്റുമോർട്ടം.
ഇന്നലെ മണിക്കൂറുകൾ കഴിഞ്ഞും വിനോദിനെ കാണാത്തതോടെയാണ് ജീവനക്കാർ അന്വേഷിച്ചത്. തുടർന്നാണ് കാറിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. തട്ടി വിളിച്ചിട്ടും വിനോദ് കാർ തുറന്നില്ല. ഇതേതുടർന്ന് ഹോട്ടൽ ജീവനക്കാർ വിവരം മറ്റുള്ളവരെയും അറിയിച്ചു. ഒടുവിൽ സ്ഥലത്തെത്തിയവർ കാറിന്റെ ചില്ല് പൊട്ടിച്ചാണ് പുറത്തെത്തിച്ചത്. അബോധാവസ്ഥയിലായിരുന്ന വിനോദിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇതിനകം മരണം സംഭവിച്ചിരുന്നു. മൃതദേഹം ഇപ്പോൾ പാമ്പാടി താലൂക്ക് ആശുപത്രിയിലാണ്. പോസ്റ്റ്‌മോർട്ടം അടക്കമുള്ള തുടർ നടപടികൾ ഇന്ന് ഉണ്ടാകുമെന്നാണ് വിവരം.