തണ്ണിമത്തൻ കൊണ്ടുള്ള ഗുണങ്ങൾ നമുക്കെല്ലാവർക്കും അറിയാം. എന്നാൽ ഇതിന്റെ വിത്തുകൊണ്ടുള്ള ഗുണങ്ങളെക്കുറിച്ച് പലർക്കും ധാരണയുണ്ടാകില്ല. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഹൃദയത്തിന്റെ ആരോഗ്യത്തിനും തണ്ണിമത്തൻ വിത്തുകൾ ഉത്തമമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും ഇവ സഹായകമാണ്. മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ എന്നിങ്ങനെയുള്ള ആരോഗ്യകരമായ കൊഴുപ്പുകൾ തണ്ണിമത്തനിൽ അടങ്ങിയിട്ടുണ്ട്. ഇവ രക്തത്തിലെ കൊളസ്‌ട്രോൾ കുറയ്‌ക്കുന്നതിനും ഹൃദയാഘാതം ഒഴിവാക്കുന്നതിനും സഹായിക്കുന്നു.
ഇന്നത്തെ ജനത അനുഭവിക്കുന്ന പ്രധാന പ്രശ്‌നങ്ങളിൽ ഒന്നാണ് പ്രമേഹം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് സഹായിക്കുന്ന ഇൻസുലിന്റെ സംവേദനക്ഷമത വർദ്ധിപ്പിക്കുന്നു എന്നതാണ് തണ്ണിമത്തൻ വിത്തുകളുടെ പ്രധാന ഗുണങ്ങളിൽ ഒന്ന്. തണ്ണിമത്തൻ വിത്തുകളിൽ മഗ്‌നീഷ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവയിൽ കാണപ്പെടുന്ന നാരുകളും അപൂരിത കൊഴുപ്പുകളും ദഹന പ്രക്രിയ വർദ്ധിപ്പിക്കുകയും പതിവായി മലവിസർജ്ജനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
തണ്ണിമത്തൻ വിത്തുകളിൽ ധാരാളമായി കാണപ്പെടുന്ന പ്രോട്ടീനുകൾ, ഇരുമ്പ്, മഗ്‌നീഷ്യം, സിങ്ക്, ചെമ്പ് എന്നിവ മുടിയുടെ ആരോഗ്യത്തിനും ഗുണം ചെയ്യുന്നവയാണ്. ഇവ മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും മുടിയെ ശക്തിപ്പെടുത്താൻ സഹായിക്കുകയും ചെയ്യുന്നു. എല്ലുകളുടെ ആരോഗ്യം നിലനിർത്തുന്നതിനും പേശികളെ ശക്തിപ്പെടുത്തുന്നതിനും തണ്ണിമത്തന്റെ വിത്തുകൾ ഉത്തമമാണ്. ചർമ്മ സംരക്ഷണത്തിനും തണ്ണിമത്തൻ വിത്തുകൾ ലഘുഭക്ഷണമായി ഉപയോഗിക്കാവുന്നതാണ്. ചർമ്മത്തെ മോയിസ്ചറൈസ് ചെയ്ത് മുഖക്കുരു കുറയ്‌ക്കാൻ സഹായിക്കും.