രാജ്യത്തിന്റെ സാംസ്കാരിക പൈതൃകം ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. അന്താരാഷ്ട്ര നിലവാരത്തിൽ ബിനാലെ ഒരുക്കാനാണ് കേന്ദ്രസർക്കാരിന്റെ നീക്കം. വെനീസിലേതുൾപ്പെടെ ലോകപ്രശസ്തമായ സാംസ്കാരിക പ്രദർശനങ്ങളോട് ഏറ്റുമുട്ടാനാകുന്ന വിധത്തിലാണ് അവതരിപ്പിക്കാനൊരുങ്ങുന്നത്. ‘ഇന്ത്യ ആർട്ട്, ആർക്കിടെക്ചർ, ഡിസൈൻ ബിനാലെ 2023’ ഡൽഹിയിൽ അടുത്തമാസം ആരംഭിക്കുമെന്ന് സാംസ്കാരിക മന്ത്രാലയം അറിയിച്ചു.
ചെങ്കോട്ടയിൽ ഡിസംബർ എട്ടിന് ഉദ്ഘാടനം ചെയ്യുന്ന ബിനാലെയിലെ പവിലിയനുകൾ അടുത്തവർഷം മാർച്ച് വരെ തുടരുമെന്ന് അധികൃതർ അറിയിച്ചു. ഒരാഴ്ച നീളുന്ന കലാപരിപാടികളും സംവാദങ്ങളും ചർച്ചകളുമാണ് ബിനാലെയിൽ സജ്ജമാക്കുന്നത്. ചടങ്ങ് ഡിസംബർ എട്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുമെന്നാണ് വിവരമെങ്കിലും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
പരിപാടിയിൽ ഒമ്പത് മുതൽ 15 വരെയാണ് പൊതുജനങ്ങൾക്ക് പ്രവേശനമുള്ളത്. ഈ ദിവസങ്ങളിൽ വിവിധ കലാപ്രദർശനങ്ങളും ശിൽപ്പശാലകളും ഉണ്ടാകും. അടുത്ത വർഷം മാർച്ച് 31-വരെ ബിനാലെയിലെ പവിലിയനുകൾ ചെങ്കോട്ടയിൽ പ്രദർശിപ്പിക്കും. ഇതോടനുബന്ധിച്ച് വിദ്യാർത്ഥികൾക്ക് വേണ്ടി ലളിതകലാ അക്കാദമിയിലും ഡിസംബർ ഒമ്പതിന് ബിനാലെ സംഘടിപ്പിക്കും.
കല, വാസ്തുവിദ്യ, രൂപകൽപ്പന എന്നീ രംഗങ്ങളിലെ ഇന്ത്യൻ സാംസ്കാരിക സമ്പന്നത ബിനാലെയിൽ അവതരിപ്പിക്കാനാണ് ലക്ഷ്യം വെക്കുന്നത്. രാജ്യത്തെമ്പാടുനിന്നുമുള്ള കലാപ്രദർശനങ്ങളും വേദിയിൽ അരങ്ങേറും. ബിനാലെയിലേക്ക് ലഭിച്ച 560 അപേക്ഷകളിൽ 150 എണ്ണം പ്രദർശനത്തിനായി തിരഞ്ഞെടുത്തെന്നും അധികൃതർ അറിയിച്ചു.