എല്ലാവരെയും പോലെ താനും മോഹൻലാലിന്റെ സിനിമകളൊക്കെ കാണുന്ന ആളാണെന്ന് നടൻ മമ്മൂട്ടി. പരസ്പരം കാണുമ്പോൾ സിനമയെക്കാളേറെ മറ്റുള്ള കാര്യങ്ങളാണ് സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പുതിയ സിനിമയായ കാതലിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മമ്മൂട്ടി.
അടുത്തിടയിൽ മോഹൻലാലും മമ്മൂട്ടിയും തമ്മിൽ സംസാരിക്കുന്ന ഒരു വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. അന്ന് ലാലേട്ടനും മമ്മൂക്കയും സിനിമയെക്കുറിച്ചായിരുന്നോ സംസാരിച്ചത് എന്ന ചോദ്യത്തിനാണ് താരം മറുപടി നൽകിയത്. ലാലേട്ടന്റെ സിനിമകൾ കാണാറുണ്ടോ എന്ന ചോദ്യത്തിന് മാദ്ധ്യമ പ്രവർത്തകനോട് ലാൽ ഫാൻ ആണോയെന്നായിരുന്നു മമ്മൂട്ടി തിരികെ ചോദിച്ചത്. ഇത് വേദിയിൽ ചിരി സൃഷ്ടിക്കുകയായിരുന്നു.
‘അന്ന് വളരെ കുറച്ച് നേരം അല്ലേ ഉണ്ടായിരുന്നുള്ളു. വേറേ എന്തൊക്കെ കാര്യങ്ങൾ ഞങ്ങൾക്ക് പറയാനുണ്ട്. സിനിമയുടെ കാര്യങ്ങൾ ഞങ്ങൾക്ക് പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും അറിയാം. പിന്നെ അധികം സമയം ഞങ്ങൾ ഒരുമിച്ച് ഇല്ലായിരുന്നല്ലോ. പരിപാടി കഴിഞ്ഞിട്ട് പെട്ടെന്ന് പോയിട്ടുണ്ട്. നിങ്ങളെ പോലെ ഞാനും മോഹൻലാലിന്റെ സിനിമകൾ കാണാറുണ്ട്. നിങ്ങൾ ലാൽ ഫാൻ ആണോ?.’- എന്നായിരുന്നു മമ്മൂട്ടി മാദ്ധ്യമപ്രവർത്തകരോട് ചോദിച്ചത്.