കോഴിക്കോട്: യൂത്ത് കോൺഗ്രസ് പ്രവർത്തകുടെ വ്യാജ തിരിച്ചറിയൽ കാർഡ് വിഷയത്തിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പോലീസ് അന്വേഷണം കാര്യക്ഷമമായല്ല നടക്കുന്നതെന്നും, ഇത് ഇടത്-വലത് മുന്നണികൾ തമ്മിലുള്ള അഡ്ജസ്റ്റ്‌മെന്റാണെന്നും സുരേന്ദ്രൻ പറഞ്ഞു. കോഴിക്കോട് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പോലീസിന്റെ അന്വേഷണം ശരിയായ ദിശയിൽ പോയിരുന്നെങ്കിൽ പ്രതികൾക്ക് ഇടക്കാല ജാമ്യം കിട്ടില്ലായിരുന്നു. വ്യാജരേഖയല്ല, തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡാണ് കോൺഗ്രസ് വ്യാജമായി നിർമ്മിച്ചിരിക്കുന്നത്. വി ടി സതീശൻ പിണറായി വിജയന്റെ അടുപ്പക്കാരനാണ്. നവകേരളയാത്രയ്‌ക്ക് പണം നൽകുന്നവരുടെ കൂട്ടത്തിൽ സതീശന്റെ സ്വന്തം നഗരസഭയുമുണ്ട്. ഇരുകൂട്ടരുടെയും അഡ്ജസ്റ്റ്‌മെന്റ് വ്യക്തമാണ്. ഇരട്ടത്താപ്പ് നിലപാടുള്ള സതീശൻ നാണമുണ്ടെങ്കിൽ പ്രതിപക്ഷസ്ഥാനം രാജിവയ്‌ക്കണം’.
‘യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷന്റെ വാഹനത്തിൽ നിന്നാണ് പ്രതികളെ പിടിച്ചത്. ഇക്കാര്യം അയാൾ തന്നെ സമ്മതിച്ച കാര്യമാണ്. എന്നിട്ടും അന്വേഷണം അതിലേക്ക് കടക്കുന്നില്ല. ഇത് സംശയാസ്പദമാണ്. പിടിയിലായ പ്രതികളെല്ലാം യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷന്റെ അടുപ്പക്കാരാണ്. രാജ്യദ്രോഹ കുറ്റത്തിൽ ഇടക്കാല ജാമ്യം എങ്ങനെ ലഭിച്ചു….പരസ്പരമുള്ള ബന്ധത്തിന്റെ പേരിൽ കേസ് ദുർബലമാക്കാൻ ശ്രമിച്ചാൽ കേന്ദ്ര ഏജൻസികളെ കൊണ്ടുവരാൻ ബിജെപിയും ശ്രമിക്കും’ -സുരേന്ദ്രൻ പറഞ്ഞു.















