പത്തനംതിട്ട: മണ്ഡലകാലം ആരംഭിച്ചതോടെ ശബരിമല ദർശനത്തിനെത്തുന്ന ഭക്തരുടെ എണ്ണം വർദ്ധിക്കുന്നു. വെർച്വൽ ക്യൂ മുഖേന ഇന്ന് എത്തിയത് 68,241 അയ്യപ്പ ഭക്തരാണ്. വൃശ്ചികമാസം തുടങ്ങിയതിന് പിന്നാലെ ഏറ്റവും അധികം തിരക്ക് അനുഭവപ്പെട്ടത് ഇന്നാണ്. മണ്ഡലകാലം ആരംഭിച്ചത് മുതൽ നവംബർ 24 വരെ 4,60,184 ഭക്തരാണ് ദർശനത്തിനായി സന്നിധാനത്ത് എത്തിയത്.
കാലവസ്ഥ സാഹചര്യം അനുകൂലമായതോടെ അയ്യപ്പ ഭക്തന്മാരുടെ മല കയറ്റം കൂടുതൽ സുഗമമാക്കി. പുൽമേടിലൂടെ 1060 അയ്യപ്പഭക്തരും അഴുതയിലൂടെ 2,637 ഭക്തരുമാണ് ദർശനത്തിനെത്തിയത്. വെർച്വൽ ക്യൂ സംവിധാനത്തിലൂടെ അയ്യപ്പഭക്തരുടെ കണക്കുകൾ ലഭ്യമാക്കുന്നതിന് വിവരങ്ങൾ സൂക്ഷിക്കുന്നതിനും സഹായകരമാണ്.
കാനനപാതയിലും സ്വാമി അയ്യപ്പൻ റോഡിലും ഷിഫ്റ്റ് അടിസ്ഥാനത്തിൽ 24 മണിക്കൂറും ഉദ്യോഗസ്ഥരെ നിയമിച്ചുകൊണ്ടാണ് വനം വകുപ്പ് സുരക്ഷ സജ്ജമാക്കിയിരിക്കുന്നത്.