ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് എമ്പുരാൻ. ചിത്രീകരണം പുരോഗമിക്കുന്ന സിനിമയുടെ ഓരോ വിശേഷവും വലിയ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്. ചിത്രത്തിന്റെ രണ്ടാമത്തെ സെറ്റിന്റെ നിർമ്മാണം ഇന്ന് ആരംഭിച്ചിരുന്നു. സമൂഹമാദ്ധ്യമങ്ങളിലൂടെ പൃഥ്വിരാജാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
മുരളി ഗോപിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ മോഹൻലാലിനെ കൂടാതെ മഞ്ജു വാര്യരും പൃഥ്വിരാജും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് മോഹൻലാലിന്റെ നായിക എത്തുന്നത് പാകിസ്താനിൽ നിന്നാണ്. പാകിസ്താനിലെ മുൻനിര നായികയായ മഹിറ ഖാൻ എമ്പുരാനിൽ വേഷമിടുന്നുവെന്നാണ് സൂചനകൾ. ഒരു ദേശീയ മാദ്ധ്യമത്തിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.
എന്നാൽ, മഹിറ ഖാൻ ചിത്രത്തിൽ അഭിനയിക്കുന്നു എന്ന റിപ്പോർട്ടിൽ ഇതുവരെയും ഔദ്യോഗിക സ്ഥിരീകരണം ഒന്നും ഉണ്ടായിട്ടില്ല. പാകിസ്താനിൽ കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികമാരിൽ ഒരാളാണ് മഹിറ. മഹിറ ഖാനൊപ്പം പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും ഒന്നിച്ചു നിൽക്കുന്ന ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ ഇതിനോടകം വ്യാപകമായി പ്രചരിക്കുന്നുമുണ്ട്.