ഉന്നത വിദ്യാഭ്യാസം പലരുടെയും സ്വപ്നമാണെങ്കിലും സാമ്പത്തിക പ്രതിസന്ധികൾ പലപ്പോഴും വിദ്യാർത്ഥികൾക്ക് വെല്ലുവിളിയാകാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ വിദ്യാഭ്യാസ ലോണുകളെയാണ് പ്രധാനമായും വിദ്യാർത്ഥികൾ ആശ്രയിക്കുന്നത്. വിദ്യാഭ്യാസ വായ്പകൾക്ക് ഇറങ്ങിപ്പുറപ്പെടുന്നതിന് മുമ്പായി പ്രധാനമായും ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്. പലിശ നിരക്കുകൾ, ലോണുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളും നിബന്ധനകളും, നികുതി ആനുകൂല്യങ്ങൾ എന്നിവയെ കുറിച്ച് വ്യക്തമായ ധാരണയുണ്ടാകണം.
വിദ്യഭ്യാസ വായ്പയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പായി പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമെന്ന് നോക്കാം…
ക്രെഡിറ്റ് സ്കോർ
ക്രെഡിറ്റ് സ്കോർ എന്നത് കൊണ്ട് അർത്ഥമാക്കുന്നത് സാമ്പത്തിക ഇടപാടുകളുടെ റിപ്പോർട്ട് കാർഡ് എന്നാണ്. ഇതിലൂടെ വായ്പ തിരിച്ചടയ്ക്കാൻ നിങ്ങൾക്കാകുമോ എന്ന കാര്യം വിലയിരുത്താനാകും. ഇതിന് പുറമെ വിദ്യാർത്ഥി ആയിരിക്കെ മികച്ച ക്രെഡിറ്റ് സ്കോർ തയാറാക്കിയെടുക്കാൻ നിങ്ങൾക്കാകില്ലെന്ന വസ്തുതയും ബാങ്ക് പരിഗണിക്കുന്നതായിരിക്കും. ഇതിനാൽ തന്നെ രക്ഷിതാക്കളുടെ ക്രെഡിറ്റ് സ്കോർ അഥവാ സിബിൽ സ്കോർ പരിശോധിച്ചേക്കാം. ഉയർന്ന ക്രെഡിറ്റ് സ്കോർ ഉള്ള പക്ഷം വായ്പ എടുക്കുന്ന വേളയിൽ കുറഞ്ഞ പലിശ നിരക്കും മികച്ച രീതിയിലുള്ള തിരിച്ചടവ് ഓഫറുകളും സ്വന്തമാക്കാൻ ഉപയോക്താക്കൾക്ക് സാധിക്കും.
പലിശ നിരക്ക്
വായ്പ എടുക്കുന്നതിന് മുമ്പ് കൃത്യമായ ധാരണയുണ്ടാകേണ്ട ഒന്നാണ് പലിശ. ഫിക്സഡ്, ഫ്ളോട്ടിംഗ് നിരക്കുളിൽ ഏത് വേണമെന്ന് ഉപയോക്താക്കൾക്ക് തിരഞ്ഞെടുക്കാവുന്നതാണ്. ഫിക്സഡ് നിരക്കുകൾ അതേ നിലയിൽ തന്നെ നിലനിൽക്കും. എന്നാൽ ഫ്ളോട്ടിംഗ് നിരക്കുകൾ വിപണിയെ അടിസ്ഥാനമാക്കി മാറിക്കൊണ്ടിരിക്കും.
തിരിച്ചടവ്
വായ്പ എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് തിരിച്ചടവ് ഓപ്ഷനുകൾ. കോഴ്സ് പൂർത്തിയാക്കിയതിന് ശേഷമുള്ള ഗ്രേസ് പീരിയഡ് പ്രധാനമായും ശ്രദ്ധിക്കേണ്ട ഒന്നാണ്. വായ്പ തിരിച്ചടയ്ക്കാൻ തുടങ്ങുന്നതിന് എത്രമാത്രം സാവകാശം ഉണ്ടെന്ന് കൃത്യമായി മനസിലാക്കണം.
രക്ഷിതാക്കളുമായുള്ള സഹ-അപേക്ഷ
വായ്പയിൽ സഹ അപേക്ഷകരായി മാതാപിതാക്കളെയോ രക്ഷിതാവിനെയോ ഉൾപ്പെടുത്തുന്നത് കൂടുതൽ തുക അനുവദിച്ച് കിട്ടാൻ സഹായിക്കും.ഇതിന് പുറമെ കുറഞ്ഞ പലിശ നിരക്കും തിരിച്ചടയ്ക്കാൻ കൂടുതൽ സമയവും നൽകുന്നതായിരിക്കും.















