എങ്ങനെ കുറഞ്ഞ ചെലവിൽ ജീവിക്കാമെന്ന് കരുതുന്നവരായിരിക്കും നമ്മൾ. എന്നാൽ ഏറ്റവും ചെലവേറിയ നഗരം ഏതെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ചെലവ് കുറഞ്ഞ നഗരങ്ങൾ കണ്ടുപിടിച്ച് യാത്ര ചെയ്യുന്നവരാണ് നിങ്ങളെങ്കിൽ ഈ നഗരങ്ങളിലേക്ക് പോവാതെ നോക്കിക്കോളൂ.. കീശ കീറുമെന്ന കാര്യം ഉറപ്പാണ്..
ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരങ്ങളുടെ പട്ടികയിൽ വീണ്ടും ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുകയാണ് സിങ്കപൂർ. തൊട്ടുപിന്നാലെ സ്വിറ്റ്‌സർലൻഡിലെ സൂറിച്ചും മൂന്നാം സ്ഥാനത്ത് ന്യൂയോർക്കും ഇടംപിടിച്ചിട്ടുണ്ട്. ജീവിത ചെലവിലെ പ്രതിസന്ധികൾ ഇതുവരെ അവസാനിച്ചിട്ടില്ലെന്നാണ് ന്യൂയോർക്കിലെ എക്കണോമിക് വിദഗ്ധർ പറയുന്നത്.
കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് വാണിജ്യ മേഖലയിൽ 7.4 ശതമാനമാണ് ചെലവേറിയിരിക്കുന്നത്. പലച്ചരക്കുകൾ, മദ്യം, വസ്ത്രങ്ങൾ എന്നിവയ്‌ക്ക് പുറമെ ഗതാഗത സൗകര്യങ്ങളിൽ വരുന്ന ചെലവുകളും സിങ്കപൂർ ജനതയെ ആഴത്തിൽ ബാധിച്ചിരിക്കുകയാണ്. രണ്ടാം സ്ഥാനത്തിൽ നിൽക്കുന്ന സൂറിച്ചിന്റെയും അവസ്ഥ മോശമല്ല. പലച്ചരക്കു സാധനങ്ങൾ, വീട്ടുപകരണങ്ങൾ, വിനോദ മേഖലയിലെ ചെലവുകൾ എന്നിവയും ഈ നഗരത്തെ ജീവിതങ്ങളെ പ്രതിസന്ധിയിലാഴ്‌ത്തുന്നു. ഈ നഗരങ്ങളെ ഏഷ്യൻ നഗരങ്ങളുമായി താരതമ്യം ചെയ്താൽ ചിലവ് കുറവ് ഏഷ്യയിൽ തന്നെയാണെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.















