ജൊനാഥന് ഇന്ന് ജന്മദിനമാണ്. അവന്റെ 191-ാം ജന്മദിനം ആഘോഷമാക്കിയിരിക്കുകയാണ് സെന്റ് ഹെലീന ദ്വീപ് നിവാസികളും സമൂഹമാദ്ധ്യമ ഉപഭോക്താക്കളും. 191 വയസുള്ള ജൊനാഥൻ എന്നു കേൾക്കുമ്പോൾ ഇത് മനുഷ്യനല്ലെന്ന കാര്യം ഉറപ്പാണല്ലോ? പിന്നെ ആരാണീ ജൊനാഥൻ?
ഭൂമിയിൽ ജീവിച്ചിരിപ്പുള്ള ഏറ്റവും പ്രായമേറിയ ആമയാണ് ജൊനാഥൻ. 1832-ലാണ് ഇത് ജനിച്ചത്. ജൊനാഥന്റെ 191-ാം ജന്മദിനം ആഘോഷമാക്കുന്ന വേളയിൽ മറ്റൊരു കാര്യം കൂടി അവനെതേടി എത്തിയിരിക്കുകയാണ്. ‘ഭൂമിയിലെ ഏറ്റവും പ്രായം കൂടിയ ആമ’ എന്ന ഗിന്നസ് ലോക റെക്കോർഡും അവൻ കരസ്ഥമാക്കിയിട്ടുണ്ട്. ഏറ്റവുമധിക കാലം ജീവിച്ച ആമ എന്ന പേര് സ്വന്തമാക്കിയ തുയിമലീലയുടെ റെക്കോർഡാണ് ജൊനാഥൻ തിരുത്തിക്കുറിച്ചിരിക്കുന്നത്.
1882-ലാണ് സൗത്ത് അറ്റ്ലാന്റിക് സമുദ്രത്തിൽ നിന്നും സൈന്റ് ഹെലീന ദ്വീപ സമൂഹത്തിലേക്ക് ജൊനാഥനെ കൊണ്ടുവരുന്നത്. ഗവർണറിന്റെ വസതിയിലാണ് താമസം. പുല്ലാണ് ഇഷ്ട ഭക്ഷണം. അവൻ വന്നതിനു ശേഷം 31 ഗവർണർമാർ ആ ദ്വീപിൽ മാറി വന്ന് പോയിട്ടുണ്ടെങ്കിലും ജൊനാഥൻ അവിടെ നിന്നും എങ്ങോട്ടും മാറിയില്ല. പ്രായാധിക്യത്തിന്റെ എല്ലാവിധ പ്രശ്നങ്ങളും അവനിലുണ്ട്. തിമിരം ബാധിച്ച് കണ്ണുകൾക്ക് കാഴ്ച നഷ്ടപ്പെടുകയും മണങ്ങൾ തിരിച്ചറിയാനുള്ള ശേഷി നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. ആഴ്ചയിൽ ഒരു ദിവസം വിറ്റാമിനുകൾ അടങ്ങിയ ഭക്ഷണങ്ങൾ ജൊനാഥനു വായയിൽ വച്ചുകൊടുക്കാറുണ്ടെന്ന് ദ്വീപ് നിവാസികൾ പറയുന്നു.