ചണ്ഡീഗഡ്: രാജ്യാതിർത്തിയിൽ പാക് ഡ്രോണിൽ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയിൽ രണ്ട് ഗ്ലോക്ക് പിസ്റ്റളുകൾ കണ്ടെത്തി. പഞ്ചാബിലെ തർൻ തരൺ ജില്ലയിൽ നിന്നാണ് ബിഎസ്എഫ് ഇവ കണ്ടെടുത്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് അതിർത്തി സുരക്ഷാ സൈനികർ ഖൽറ ഗ്രാമത്തിലെ വയലിൽ നിന്നും ഡ്രോൺ കണ്ടെടുത്തത്.
പ്രദേശത്ത് നിന്നും പാക് ഡ്രോൺ കണ്ടെത്തിയതിന് പിന്നാലെ സമീപപ്രദേശങ്ങളിലും സൈനികർ തിരച്ചിൽ നടത്തി. ജില്ലയിൽ കൂടുതൽ പരിശോധന നടത്തുകയും ഖൽറയിലെ സർക്കാർ സ്കൂൾ പരിസരത്ത് നിന്നും രണ്ട് ഗ്ലോക്ക് പിസ്റ്റളുകൾ കൂടി കണ്ടെത്തിയതായും ബിഎസ്എഫ് അറിയിച്ചു. മഞ്ഞ നിറത്തിലുള്ള ടേപ്പ് കൊണ്ട് പൊതിഞ്ഞ നിലയിലായിരുന്നു ഇവ കണ്ടെത്തിയത്. പ്രാഥമിക പരിശോധനയിൽ ഇവ ഓസ്ട്രേലിയൻ നിർമ്മിത പിസ്റ്റളുകളാണെന്ന് കണ്ടെത്തി.