വീണ്ടും ഒരു ശൈത്യകാലം കൂടി എത്തിയിരിക്കുകയാണ്. മഞ്ഞു പെയ്യുന്ന ഡിസംബറിൽ ഒട്ടുമിക്ക ആളുകൾക്കും മടിയുള്ള കാര്യമാണ് തണുത്ത വെള്ളത്തിൽ കുളിക്കുന്നത്. ശൈത്യകാലത്ത് ചൂടുവെള്ളത്തിൽ കുളിക്കുന്നവരാണ് നമ്മിൽ പലരും. ശീത സമയങ്ങളിൽ തണുത്ത വെള്ളത്തിൽ കുളിക്കുന്നത് പല പാർശ്വഫലങ്ങളും വരുത്തുമെന്നാണ് നമ്മൾ വിചാരിക്കുന്നത്. എന്നാൽ ചൂടുവെള്ളത്തിൽ കുളിക്കുന്നതാണ് പാർശ്വഫലങ്ങൾ ഉണ്ടാക്കുകയെന്നാണ് വിദഗ്ധർ പറയുന്നത്. ശൈത്യകാലത്തും തണുത്ത വെള്ളത്തിൽ കുളിക്കുമ്പോൾ ഗുണങ്ങൾ ഏറെയാണെന്ന് പഠനങ്ങൾ പറയുന്നു.
പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു
തണുത്ത വെള്ളത്തിൽ കുളിക്കുമ്പോൾ ശരീരത്തിലെ വെളുത്ത രക്താണുക്കളുടെ എണ്ണം വർദ്ധിക്കുകയും മെറ്റബോളിസം വർദ്ധിക്കുകയും ചെയ്യുന്നു. തണുത്ത വെള്ളത്തിൽ കുളിക്കുമ്പോൾ ശരീരം ചൂട് നിലനിർത്താൻ ശ്രമിക്കുന്നു. ഇതിലൂടെ വെളുത്ത രക്താണുക്കൾ പുറത്തുവരുന്നു. ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് സഹായകരമാണ്.
മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിന്
തണുത്ത വെള്ളത്തിൽ കുളിക്കുന്നത് നമ്മുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനൊപ്പം കൂടുതൽ ആശ്വാസമേകാനും സഹായിക്കുന്നു.
രക്തചംക്രമണം മെച്ചപ്പെടുത്തുന്നു
തണുത്ത വെള്ളത്തിൽ കുളിക്കുമ്പോൾ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും രക്തം എത്തുന്നു. ഇത് ശരീരത്തിൽ ചൂട് നിലനിർത്താൻ സഹായിക്കും. തണുത്ത വെള്ളത്തിൽ കുളിക്കുന്നത് രക്തധമനികളെ ബലപ്പെടുത്തുകയും രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു. ഇതിനുപുറമെ ശരീരം വരണ്ടു പോകാതെ ത്വക്ക് മൃദുവായി തുടരാൻ സഹായിക്കുന്നു.